• 20 Sep 2020
  • 02: 19 PM
Latest News arrow

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊണ്ടോട്ടി സ്വദേശിയായ 75 വയസ്സുകാരന്‍

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗുലാം മൊയ്തീന്‍ എന്ന 75 വയസ്സുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന് നേരത്തെ കൊവിഡ് വന്ന് രോഗമുക്തി നേടിയിരുന്നു. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗവ്യാപനം ഉണ്ടായ ക്ലസ്റ്ററിലാണ് മരണം സംഭവിച്ചിരിക്കുന്നത്. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മൊയ്തീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടൊപ്പം ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നില ഗുരുതരമായി. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കൊണ്ടോട്ടി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 5 ആയി. 

കൊണ്ടോട്ടിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള രോഗവ്യാപനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ 206 പേര്‍ക്ക് മേഖലയില്‍ രോഗം സ്ഥിരീകരിച്ചു. നേരത്തെ കൊണ്ടോട്ടി നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു നിയന്ത്രണങ്ങള്‍. കഴിഞ്ഞ ദിവസം ഈ നിയന്ത്രണങ്ങള്‍ കൊണ്ടോട്ടി താലൂക്കിലാകെ വ്യാപിപ്പിച്ചു. കൊണ്ടോട്ടിയുമായി ബന്ധപ്പെട്ട രോഗവ്യാപനം മലപ്പുറം ജില്ലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ജില്ലയിലെ രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യവുമുണ്ട്.