• 19 Sep 2020
  • 04: 51 AM
Latest News arrow

ലോക്ക്ഡൗണ്‍ തടസ്സമല്ല, അക്ഷരലോകത്തേയ്‌ക്കുള്ള വഴിയാണ്‌...; ചൂണ്ടുപലകയായി മിസോറാം ഗവര്‍ണര്‍

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊവിഡ് കാലം ഒരു സുവര്‍ണ്ണ കാലമാണ്. അത് തിരിച്ചറിഞ്ഞ് അക്ഷരങ്ങളെ ചേര്‍ത്ത് വെച്ച് ഭാവനയുടെ തീവ്രമായ ലോകം സൃഷ്ടിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടവര്‍ നിരവധിയായിരിക്കും. അത്തരത്തില്‍ കൊവിഡ് ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മൂര്‍ച്ചയും തിളക്കവുമുള്ള പദാവലികള്‍ കൊണ്ട് കീഴ്‌പ്പെടുത്തിയിരിക്കുകയാണ് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. കൊവിഡിനെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലായിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉയിര്‍ക്കൊണ്ടത് 13 രചനകളാണ്. 

 ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ഈ പതിമൂന്ന് പുസ്തകങ്ങളും രചിച്ചിരിക്കുന്നത്. കവിതകള്‍, ലേഖനങ്ങള്‍, ചരിത്രം, ക്ഷേത്രങ്ങള്‍, വ്യക്തിത്വങ്ങള്‍, കോടതി നര്‍മ്മങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമലേഖനങ്ങള്‍ എന്നിവയെല്ലാം എഴുത്തുകാരന്‍ തന്റെ രചനകള്‍ക്ക് ആധാരമാക്കി. 

ദസ് സ്പീക്‌സ് ഗവര്‍ണര്‍, ഓ മിസോറാം, ദി റിപ്പബ്ലിക്, ജസ്റ്റിസ് ടു ഓള്‍ പ്രജുഡൈസ് ടു നണ്‍, എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും കൊറോണ കവിതകള്‍, നിയമവീഥിയിലൂടെ, തത്സമയ ചിന്തകള്‍, ഗൗണിലെ സ്ത്രീരത്‌നങ്ങള്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍, സാമൂഹ്യ സമരസത, ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, ആകാശവീഥിയിലെ കുസുമങ്ങള്‍, ചിരിയും ചിന്തയും കറുത്ത കോട്ടില്‍ എന്നിവയുമാണ് ഈ കൊവിഡ് കാലത്ത് പിഎസ് ശ്രീധരന്‍പിള്ള രചിച്ച പുസ്തകങ്ങള്‍. 

36 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരമാണ് 'ഓ മിസോറാം'. മലയാള കവിതാ സമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ക്ഡൗണ്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 

'ദസ് സ്പീക്‌സ് ഗവര്‍ണര്‍', 'ദി റിപ്പബ്ലിക്', ''ലോക്ക്ഡൗണ്‍' എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം 2020 ഓഗസ്റ്റ് 8ന് കാലത്ത് 11 മണിയ്ക്ക് ഐസ്വാള്‍ രാജ്ഭവനില്‍ നടക്കും. പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം മിസോറാം മുഖ്യമന്ത്രി സൊറാങ് താഗ് നിര്‍വഹിക്കും. ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ പുസ്തകങ്ങള്‍ പ്രകാശനം  ചെയ്യും.  മിസോറാം മുന്‍ മുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷനുമായ ലാല്‍തന്‍ഹോല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.  ആസാം റൈഫിള്‍സ് മിസോറാം മേധാവി ബ്രിഗേഡിയര്‍ എസ്.വിനോദ് ചടങ്ങില്‍ സംസാരിക്കും. 

മറ്റ് പുസ്തകങ്ങള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുവിധേയമായും പ്രകാശനം ചെയ്യും.