''ക്ലാര യാഥാര്‍ത്ഥ്യമല്ല, ജയകൃഷ്ണന്റെ സങ്കല്‍പ്പമായിരുന്നു''; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സ്റ്റാന്‍ലി

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിലെ ക്ലാര സിനിമാ പ്രേമികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ചിട്ടുള്ള ഒരു കഥാപാത്രമാണ്. തൂവാനത്തുമ്പികള്‍ സംവിധാനം ചെയ്ത പത്മരാജന്റെ ഒരു സങ്കല്‍പ്പമായിരുന്നു ക്ലാരയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. ഈ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമായിട്ട് സിനിമയില്‍ അവതരിപ്പിക്കുകയായിരുന്നു. യാഥാര്‍ത്ഥ്യമാണെന്ന് തോന്നുന്ന തരത്തില്‍ സുമതല അത് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ മഴയില്‍ പ്രത്യക്ഷപ്പെടുന്ന ക്ലാരയാണ് പൂര്‍ണമായിട്ടും പത്മരാജന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും നിര്‍മ്മാതാവ് സ്റ്റാന്‍ലി പറയുന്നു.
ഞാന്‍ ഗന്ധര്വ്വന് എന്ന ചിത്രത്തില്‍ ചെയ്തതുപോലെയുള്ള സാങ്കേതിക വിദ്യയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഈ ഗന്ധര്വ്വന് നമ്മുടെ ഭൂമിയിലേക്ക് വന്ന് മനുഷ്യനുമായിട്ട് ബന്ധപ്പെടുന്നതുപോലെ ഒരു ഫാന്റസിയായിട്ടാണ് പത്മരാജന് ക്ലാരയെ അവതരിപ്പിക്കുന്നത്. പക്ഷേ, ആളുകള്‍ അത് ആ രീതിയില്‍ ഉള്‍ക്കൊണ്ടില്ല. ക്ലാരയെ ഒരു യഥാര്‍ത്ഥ കഥാപാത്രമായിട്ട് അവര്‍ സ്വീകരിച്ചതെന്നും സ്റ്റാന്‍ലി പറയുന്നു.