• 07 Aug 2020
  • 05: 53 AM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 1310 കൊവിഡ് ബാധിതര്‍; 1162 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 864 പേര്‍ രോഗമുക്തി നേടി. ഇന്നലത്തെ 425 പേരുടെയും ഇന്നത്തെ 885 പേരുടെയും പരിശോധനാ ഫലം ചേര്‍ന്നിട്ടുള്ളതാണ് ഈ ഫലം. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ഇന്നലെ ബാക്കിയുണ്ടായിരുന്നത്. അതുകൂടി ചേര്‍ത്താണ് ഇന്നത്തെ ഫലം വരുന്നത്. 

തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികളുള്ളത്. 320 ആണ് ഇവിടുത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഒന്നര ദിവസത്തെ കണക്കാണിത്. എറണാകുളം ജില്ലയില്‍ 132 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ 130 പേര്‍ക്കും വയനാട് ജില്ലയില്‍ 124 പേര്‍ക്കും കൊവിഡുണ്ട്. കോട്ടയം ജില്ലയില്‍ 89 പേര്‍ക്കാണ് കൊവിഡ്. കോഴിക്കോട് ജില്ലയില്‍ 84 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 83 പേര്‍ക്കും മലപ്പുറത്ത് 75 പേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ 60 പേര്‍ക്കും ഇടുക്കിയില്‍ 59 പേര്‍ക്കും കൊല്ലം ജില്ലയില്‍ 53 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 52 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 35 പേര്‍ക്കും കണ്ണൂരില്‍ 14 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്നു 59 വയസ്സുള്ള ഒരു വ്യക്തിയും ഏലിയാമ്മ എന്ന 85 വയസ്സുള്ള സ്ത്രീയും കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന 56 വയസ്സുള്ള രുക്മിണി എന്ന സ്ത്രീയുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 73 ആയി. 

ഇന്ന് രോഗം ബാധിച്ചവരില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ആയിരം കടന്നു. 1162 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതും ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മൂന്ന് ജില്ലകളിലെ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതോടൊപ്പം സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 36 രോഗികളും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍പ്പെടുന്നുണ്ട്. 

Editors Choice