• 07 Aug 2020
  • 07: 17 AM
Latest News arrow

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 40,000 രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന്റെ വില 5000 രൂപയായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചിരിക്കുന്നു. ഇപ്പോള്‍ 1972 ഡോളറാണ് ഒരു ട്രോഎംസിന്റെ വില. 

ജൂലൈ ഒന്നിന് 36,160 രൂപയായിരുന്നു സ്വര്‍ണവില. ഇന്ന് 40,000 രൂപയായി കുത്തനെ വര്‍ധിച്ചു. 30 ദിവസം കൊണ്ടാണ് 4000 രൂപയോളം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പവന് പതിനായിരത്തിലേറെ രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 30,000 രൂപയായിരുന്നിടത്താണ് ഇപ്പോള്‍ സ്വര്‍ണവില 40,000ത്തില്‍ എത്തിയിരിക്കുന്നത്. 1972 ഡോളര്‍ എന്നത് 2000 ഡോളര്‍ മറികടക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടുകൂടി സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കും. 
 
2005ലാണ് സ്വര്‍ണവില ഒരു പവന് 5000 രൂപ കടക്കുന്നത്. 2008 നവംബര്‍ മാസം ആയപ്പോഴേയ്ക്കും പതിനായിരം കടന്നു. തുടര്‍ന്ന് 2011 ആഗസ്റ്റില്‍ സ്വര്‍ണവില 20,000 രൂപ കടന്നു. ഒടുവില്‍ 2020 ജനുവരിയില്‍ 30,000 രൂപയും കടന്നു. 2019ലൊക്കെ 29,000ത്തിലായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് സ്വര്‍ണവില ഇരട്ടിയായ സ്ഥിതി. 

രാജ്യാന്തരവിപണയില്‍ സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണം അമേരിക്കയും ചൈനനയും തമ്മിലുള്ള വ്യാപാര യുദ്ധമായിരുന്നു. അത് മൂലം ഏറ്റവും സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ പരിഗണിക്കാന്‍ തുടങ്ങി. അതിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നം ലഘൂകരിക്കപ്പെട്ടപ്പോഴേയ്ക്കും കൊവിഡ് മഹാമാരിയെത്തി. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ആളുകള്‍ സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് മാറുകയും ചെയ്തു. ഇതോടെ രാജ്യാന്തര വിപണയില്‍ വീണ്ടും സ്വര്‍ണവില കുത്തനെ വര്‍ധിക്കുകയായിരുന്നു. 

പ്രധാന കാരണങ്ങള്‍...

1) കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി:- നിരവധി രാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതോടെ ധാരാളം പണം വിപണിയില്‍ ലഭ്യമായി. തുടര്‍ന്ന് രൂപയുടേതടക്കം അതത് രാജ്യങ്ങളുടെ കറന്‍സിയില്‍ ഇടിവുണ്ടാവുകയും ചെയ്തു. ഡോളറിന്റെ മൂല്യവും ഇടിഞ്ഞു. ബാങ്കുകള്‍ പലിശ കുറഞ്ഞ വായ്പകള്‍ അനുവദിക്കുന്നതും പണലഭ്യത കൂടുന്നതിനും കറന്‍സികളുടെ മൂല്യം കുറയുന്നതിനും ആക്കം കൂട്ടി. ഇതോടെ മികച്ച നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുകയും സ്വര്‍ണം വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതാണ് സ്വര്‍ണ വില ഉയരുന്നതിന് കാരണമായത്. 

2) യുഎസ് ചൈന സംഘര്‍ഷം:- 
നേരത്തെ ചൈനീസ് കടലിടുക്കുമായി ബന്ധപ്പെട്ട് ചൈനയുടെ എല്ലാ അവകാശ വാദങ്ങളെയും ശക്തമായി എതിര്‍ത്തുകൊണ്ട് അമേരിക്ക രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി രാജ്യാന്തര തലത്തില്‍ തന്നെ വ്യാപാര ബന്ധങ്ങളെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് സ്വര്‍ണവില കൂടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.

മഞ്ഞലോഹത്തിനോടുള്ള അഭിനിവേശം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും മാറുകയില്ല. നിക്ഷേപം എന്നതിലുപരി അത് അണിയുന്നതില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും താല്‍പ്പര്യം. അതുകൊണ്ട് തന്നെ എത്രയൊക്കെ വില ഉയര്‍ന്നാലും മലയാളികള്‍ സ്വര്‍ണം വാങ്ങുക തന്നെ ചെയ്യുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.

Editors Choice