• 07 Aug 2020
  • 07: 15 AM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 506 പുതിയ കൊവിഡ് കേസുകള്‍; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഉച്ച വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മൂലം ഇന്ന് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീഫാത്ത് എന്നിവരാണ് മരിച്ചത്. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തവര്‍ 27 പേരാണ്. വിദേശത്ത് നിന്ന് വന്ന 31 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും കൊവിഡ് ബാധയുണ്ടായി.  37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21533 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. 

കൊവിഡ് പോസ്റ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്...

തൃശ്ശൂര്‍-83
തിരുവനന്തപുരം- 70
പത്തനംതിട്ട-59
ആലപ്പുഴ-55
കോഴിക്കോട്- 42
കണ്ണൂര്‍- 39
എറണാകുളം- 34
മലപ്പുറം- 32
കോട്ടയം- 29
കാസര്‍കോട്- 28
കൊല്ലം- 22
ഇടുക്കി- 6
പാലക്കാട്- 4
വയനാട്- 3

നാളെ ബലി പെരുന്നാളാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷമെന്നും അദ്ദേഹം ആശംസിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇപ്പോള്‍ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മ്മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്‌കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അത് പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

 

 

Editors Choice