• 07 Aug 2020
  • 05: 51 AM
Latest News arrow

കഥകളുറങ്ങാത്ത വേദനിലയം; വീട്ടുസാധനങ്ങളുടെ വിവരം അമ്പരിപ്പിക്കുന്നത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയത്തിലെ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. കണക്കെടുപ്പിന് ശേഷം ഈ വീട്ടിലെ സാധനങ്ങളുടെ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അവ യഥാര്‍ത്ഥത്തില്‍ അമ്പരിപ്പിക്കുന്നതാണ്. 

ജീവിതത്തില്‍ തന്നെ ഏറ്റവും അധികം സ്വാധീനിച്ചത് അമ്മ വേദവല്ലിയാണെന്ന് ജയലളിത പറഞ്ഞിട്ടുണ്ട്. അമ്മയുടെ പേരാണ് തന്റെ വീടിന് ജയ ഇട്ടത്, വേദനിലയം. പിന്നീട് ഈ ഭവനം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന പേരായി. ജയയുടെ ജീവിതം പോലെ തന്നെ നിഗൂഢമായിരുന്നു വേദനിലയവും. 

ജയലളിതയുടെ മരണ ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ വേദനിലയം ഏറ്റെടുത്തു. സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപകിനും 67 കോടി രൂപ നഷ്ടപരിഹാരം നല്‍കിയായിരുന്നു ഈ ഏറ്റെടുക്കല്‍. തുടര്‍ന്ന് അവിടുത്തെ സാധനങ്ങളുടെ കണക്കെടുത്ത് ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിച്ചു. ആ കണക്ക് ഇങ്ങിനെ...

സ്വര്‍ണം- 4.5 കിലോ
വെള്ളി- 600 കിലോ
ടിവി- 11
റഫ്രിജറേറ്ററുകള്‍- 10
എയര്‍കണ്ടീഷനറുകള്‍- 38
ടെലിഫോണുകള്‍- 29
സാരികള്‍- 10,438
സൗന്ദര്യവര്‍ധക വസ്തുക്കള്‍- 100
പുസ്തക ശേഖരം- 9000

കോടനാട് എസ്‌റ്റേറ്റിലും സിരുവത്തൂര്‍ റിസോര്‍ട്ടിലും ഇതേ പുസ്തകങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടപ്പെട്ട പുസ്തകം മൂന്ന് കോപ്പികള്‍ വാങ്ങുന്ന ശീലം ജയലളിതയ്ക്കുണ്ടായിരുന്നു. 

രണ്ട് പതിറ്റാണ്ടോളം ജയലളിതയുടെ നിഴലായിരുന്ന ശശികല ഇതേ വീട്ടില്‍ നിന്നാണ് ബെംഗളൂരു ജയിലിലേക്ക് പോയത്. ശിക്ഷാ കാലാവധി കഴിഞ്ഞ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് ഇവര്‍. വേദനിലയം നിത്യസ്മാരകമാക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയ്ക്കുള്ളില്‍ ശക്തമാകുന്നുണ്ട്. അതേസമയം വേദനിലയത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള ചര്‍ച്ച സജീവമാണ്. എന്തായാലും കഥകളുറങ്ങാത്ത വേദനിലയം വേദനിലയത്തെ ചുറ്റിയാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിന്റെ കരുനീക്കങ്ങള്‍ സജീവമാവുന്നത്. 

Editors Choice