• 07 Aug 2020
  • 05: 49 AM
Latest News arrow

ഓഗസ്റ്റ് 20 വരെ കനത്ത മഴ പെയ്‌തേക്കും; പ്രളയ സാധ്യത തള്ളിക്കളയാതെ കാലാസ്ഥ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ ശക്തി ഇന്ന് കുറഞ്ഞേക്കുമെന്നാണ് സൂചന. എന്നാല്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ മഴ വീണ്ടും കനത്തേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുകയും ഓഗസ്റ്റ് 20 വരെ അതിശക്തമായ മഴ പെയ്‌തേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുമോയെന്ന ആശങ്കയാണ് ഉയരുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. എന്നാല്‍ ഓഗസ്റ്റ് എട്ട് മുതലുള്ള ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്തു. ഇതോടെയാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്. ഇത്തണവയും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് ആറ് വരെയുള്ള ആദ്യ ആഴ്ചയുടെ അവസാനം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പ്രളയുമുണ്ടാകുമെന്ന് പ്രവചനമില്ലെങ്കിലും കേരളത്തില്‍ ശക്തമായ മഴ പെയ്യാനുള്ള സാഹചര്യമാണ് ഉള്ളത്. അതിതീവ്രമഴ പ്രവചിച്ചിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. 

എന്തായാലും പ്രളയസാധ്യതയെ നേരിടാനുള്ള സജ്ജീകരണങ്ങളെല്ലാം ദുരന്ത നിവാരണ അതോറിറ്റി ഒരുക്കിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറി. കൊവിഡ് പ്രോട്ടോക്കോള്‍ കൂടി പാലിച്ച് ക്യാമ്പുകള്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ പെയ്യുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ്യാടി പ്രദേശത്ത് വെള്ളം കയറി. തൊട്ടില്‍പ്പാലത്ത് 7 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

അതേസമയം തിരുവനന്തപുരത്തും തൃശ്ശൂരിലും ഇടുക്കിയിലും കോട്ടയത്തും രാത്രിമുതല്‍ മഴയ്ക്ക് ശമനമുണ്ട്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള തുരങ്കത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി. 

Editors Choice