• 10 Jun 2023
  • 04: 58 PM
Latest News arrow

ലോകകപ്പ് ക്രിക്കറ്റ് കളിക്കണമെങ്കില്‍ ഏകദിന സൂപ്പര്‍ ലീഗ് കളിച്ചേ പറ്റൂ; പുതിയ പരീക്ഷണവുമായി ഐസിസി

ദുബായ്: ലോകകപ്പ് ഏകദിന ക്രിക്കറ്റിനുള്ള മാനദണ്ഡമെന്ന നിലയില്‍ ഏകദിന സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച് ഐസിസി. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കണമെങ്കില്‍ ഏകദിന സൂപ്പര്‍ ലീഗിന്റെ ആദ്യ എട്ടിലെത്തണമെന്നതാണ് നിബന്ധന. ലോകകപ്പില്‍ പങ്കെടുക്കേണ്ട പത്ത് ടീമുകളില്‍ എട്ട് ടീമുകളെയാണ് സൂപ്പര്‍ ലീഗിലൂടെ കണ്ടെത്തുക. ഇതില്‍ ആതിഥേയരായ ഇന്ത്യയെയും ഉള്‍പ്പെടുത്തിയാണിത്.

അടുത്ത ജൂലൈ 30ന് സതാംപടണിലാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയോടെയാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുക. ഐസിസിയില്‍ സമ്പൂര്‍ണ അംഗങ്ങളായ 12 ടീമുകള്‍ക്കൊപ്പം ലോകക്രിക്കറ്റ് സൂപ്പര്‍ ലീഗിലൂടെ മുന്നേറിയെത്തിയ നെതര്‍ലന്‍ഡും സൂപ്പര്‍ ലീഗില്‍ ഏറ്റുമുട്ടും. ഓരോ വിജയത്തിനും പത്ത് പോയിന്റ് ലഭിക്കും. സമനില ആയാല്‍ ഇരുടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവെയ്ക്കും. 

ആതിഥേയരായ ഇന്ത്യയും സൂപ്പര്‍ ലീഗില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങളാണ്. ഏകദിന സൂപ്പര്‍ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ച് ടീമുകള്‍ വീണ്ടും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചുവേണം ഈ രണ്ട് സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാന്‍. ഈ യോഗ്യതാ റൗണ്ടില്‍ അഞ്ച് അസോഷ്യേറ്ര് രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടും. 

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയില്‍ അടുത്ത മൂന്ന് വര്‍ഷം നടക്കുന്ന ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാകുമെന്നും ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡിസ് അറിയിച്ചു. ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആവേശകരവും ജനകീയവുമാക്കാനാണ് പുതിയ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക.