''അടുത്ത മാസം മുതല്‍ തിയേറ്ററുകള്‍ തുറക്കണം''; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം അടഞ്ഞുകിടക്കുന്ന രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് അടുത്ത മാസം മുതല്‍ പരിഗണിക്കണമെന്ന് വാര്‍ത്താവിതരണം പ്രക്ഷേപണ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. സീറ്റിങ്ങിലുള്പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും വാര്‍ത്താവിതരണ മന്ത്രാലയം ശുപാര്‍ശ ചെയ്തു. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തിയേറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. നിയന്ത്രണങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ മെയ് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് മൂന്നാം ഘട്ടത്തിലാണ് തിയേറ്ററുകള്‍ തുറക്കുന്നത് ആലോചിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അതും കൊവിഡ് വ്യാപനത്തിന്റെ തോത് പരിഗണിച്ച ശേഷം. തിയേറ്ററുടമകളുടെയും സിനിമാ വിതരണക്കാരുടെയും വിവിധ സംഘടനാ പ്രതിനിധികള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചത്. ഒന്നിടവിട്ട നിരകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം സാമൂഹിക അകലം മാസ്ക് എന്നിവ നിര്‍ബന്ധമാക്കണം. ഓരോ ഷോയ്ക്ക് മുമ്പും സാനിറ്റൈസര്‍ ഉപയോഗിക്കണം എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ നാല്പത് ശതമാനം സീറ്റിലെങ്കിലും ആളില്ലാതെ തിയേറ്റര്‍ നടത്താനാകില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞത്.
നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഈ മാസം അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി മറ്റന്നാള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ചര്‍ച്ച നടത്തുണ്ട്. രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ച് കരുതലോടെ നീങ്ങാനാകും സര്‍ക്കാര്‍ ശ്രമിക്കുക.