• 07 Aug 2020
  • 06: 50 AM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്‌; സിബിഐ അന്വേഷണം വന്നേക്കും; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിവരങ്ങള്‍ തേടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഇടപെടല്‍ വരികയാണ്. അവിടെ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നുള്ള നിവേദനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിട്ടിയിട്ടുണ്ട്. അതുപോലെ ഇക്കാര്യത്തില്‍  അന്വേഷണം ആവശ്യപ്പെട്ടുള്ള നിരവധി കത്തുകള്‍ ധനമന്ത്രിയ്ക്കും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തേടി. പരോക്ഷ നികുതി ബോര്‍ഡിനോടാണ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. 

എന്താണ് ഈ കേസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്നത് സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ തേടുക. സാധാരണ ഇത്തരത്തിലുള്ള അന്വേഷണങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറാകാറില്ല. അതുകൊണ്ട് കേസിന്റെ പൊതുവിവരങ്ങള്‍ എന്താണ് എന്നതാണ് ഇപ്പോള്‍ പരോക്ഷ നികുതി ബോര്‍ഡിനോട് തേടിയിരിക്കുന്നത്. 

കസ്റ്റംസ് ഇപ്പോള്‍ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ്. കസ്റ്റംസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത് അന്താരാഷ്ട്ര മാനങ്ങള്‍ ഉള്ള കേസാണിത് എന്നാണ്. പ്രത്യേകിച്ച് വലിയ അന്താരാഷ്ട്ര ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് വേറൊരു ഏജന്‍സി തന്നെ അന്വേഷിക്കണം എന്നൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അത്തരമൊരു ഏജന്‍സിയ്ക്ക് കേസ് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാരിന് തടസ്സമില്ല എന്നതാണ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസിന്റെ അന്വേഷണം എങ്ങിനെ മുമ്പോട്ട് പോകും എന്നത് നിരീക്ഷിക്കും. അതിന് ശേഷമായിരിക്കും ഇതിന്റെ കൂടുതല്‍ മാനങ്ങള്‍ കണ്ടെത്താനായി അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുക.

അതേസമയം തന്നെ മറ്റൊരു രാജ്യവുമായുള്ള ബന്ധം മോശപ്പെടുത്തുന്ന രീതിയിലേക്ക് കേസിന്റെ അന്വേഷണം പോകാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇന്ത്യ, യുഎഇയിനെ കേസ് സംബന്ധിച്ച ചില വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്വേഷണം ഇതില്‍ തന്നെ നിര്‍ത്താന്‍ സാങ്കേതികമായ പ്രയാസങ്ങളുണ്ടെന്നും ഇന്ത്യ യുഎഇയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുഎഇ ഈ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ഇത്തരം കേസുകള്‍ വരുമ്പോള്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു ആശയവിനിമയം അല്ലെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ആശയവിനിമയമാണ് പ്രധാനമായും നടത്തുന്നത്. പക്ഷേ, ഇപ്പോള്‍ യുഎഇ തന്നെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്, യുഎഇയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടോ എന്നത് യുഎഇ തന്നെ നേരിട്ട് പരിശോധിച്ചേക്കും. അതുകൊണ്ട് യുഎഇ കൂടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയാണ്. ഇക്കാര്യത്തിലുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ട്. കസ്റ്റംസിന് മാത്രമായി ഈ ഗൂഢാലോചന തെളിയിക്കാന്‍ കഴിയില്ല. കാരണം കസ്റ്റംസിന് അത്രയ്ക്ക് മാനവശേഷി ഇല്ല. സിബിഐ പോലുള്ള ഏജന്‍സികള്‍ വരികയാണെങ്കില്‍ ഇന്റര്‍പോളിന്റെ ഉള്‍പ്പെടെ സഹായം തേടാന്‍ കഴിയും.

Editors Choice