• 29 Oct 2020
  • 06: 26 PM
Latest News arrow

കേരളം കണ്ട ഏറ്റവും കരുത്തുറ്റ വനിത; കെആര്‍ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍

 കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 102-ാം പിറന്നാള്‍. മിഥുന മാസത്തിലെ തിരുവോണമാണ് ഗൗരിയമ്മയുടെ പിറന്നാള്‍. എല്ലാത്തവണത്തെയും പോലെ ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂടിച്ചേരലുകളോ സദ്യയോ ഒന്നുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വെച്ചു. സന്ദര്‍ശകര്‍ക്കും അനുമതിയില്ല. പക്ഷേ, ഗൗരിയമ്മയ്ക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാല്‍പ്പായസം മാത്രം വീട്ടിലെത്തി. 

1919 ജൂലൈ 14നായിരുന്നു കളത്തില്‍പ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന ഗൗരിയമ്മയുടെ ജനനം. വിലക്കുകളുടെ വേലിക്കെട്ടുകള്‍ വേലിച്ച് ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച കേരളത്തിലെ ആദ്യ തലമുറ കീഴാള വനിതകളുടെ പ്രതിനിധിയായി കെആര്‍ ഗൗരിയമ്മ തന്റെ വിപ്ലവകരമായ ജീവിതം ആരംഭിച്ചു. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദവും ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മൂത്ത സഹോദരന്‍ സുകുമാരന്റെ സ്വാധീനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്. തുടര്‍ന്ന് കേരളം കണ്ടത് അസാധാരണവും അതിസാഹസികവുമായ താരതമ്യങ്ങളില്ലാത്ത പെണ്‍കരുത്താണ്. 

തീയില്‍ കുരുത്ത രാഷ്ട്രീയ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. രാജ ഭരണത്തിനും ദിവാന്‍ ഭരണത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരായി ചെറുത്ത് നില്‍പ്പുകളിലൂടെ പരുവപ്പെട്ട രാഷ്ട്രീയ ബോധമാണ് അവര്‍ക്കുണ്ടായിരുന്നത്. ഐക്യകേരള രൂപീകരണത്തിന് ശേഷം 1953ലും 1954ലും തിരുവിതാംകൂര്‍-തിരുക്കൊച്ചി നിയമസഭയില്‍ അംഗമായി. 1957ല്‍ ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യണിസ്റ്റ് സര്‍ക്കാരില്‍ റവന്യൂ എക്‌സൈസ് മന്ത്രിയായി. ചേര്‍ത്തലയുടെ ജനപ്രതിനിധിയായി മത്സരിച്ചാണ് അക്കൊല്ലം ഗൗരിയമ്മ നിയമസഭയിലേക്കെത്തിയത്. 

തുടര്‍ന്ന് കേരള ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച, കേരളത്തില്‍ സാമൂഹിക മാറ്റത്തിന്റെ കൊടുങ്കാറ്റടിപ്പിച് ഭൂപരിഷ്‌കരണ നിയമം ഗൗരിയമ്മ പ്രാബല്യത്തില്‍ കൊണ്ടുവന്നു. ജന്‍മിത്വം നിരോധിച്ച വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടു. കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിച്ചിടും എന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം അലയടിച്ച കാലമായിരുന്നു അത്. ഭൂപരിഷ്‌കരണ ബില്‍ ഗൗരിയമ്മയുടെ പൊന്‍തൂവലെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്. 

1960 ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി വീണ്ടും ചേര്‍ത്തലയില്‍ നിന്നും ജയിച്ചു കയറി. 1965 മുതല്‍ 91 വരെ 7 തവണ അരൂരില്‍ നിന്നും സിപിഎം പ്രതിനിധിയായി ജനവിധി തേടി. 

1957ല്‍ മന്ത്രിസഭയിലെ അംഗങ്ങളായിരിക്കെ ഗൗരിയമ്മയും ടിവി തോമസും വിവാഹിതരായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവി തോമസ് സിപിഐയ്‌ക്കൊപ്പവും ഗൗരിയമ്മ സിപിഎമ്മിനൊപ്പവും നിലകൊണ്ടു. അത് ജീവിത വഴിയില്‍ ഇരുവരെയും രണ്ട് ചേരിയിലേക്ക് നയിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും ഗൗരിയമ്മയ്ക്ക് രണ്ടല്ലായിരുന്നു. അതേ പാര്‍ട്ടി തന്നെ 1994ല്‍ ഗൗരിയമ്മയെ പുറത്താക്കി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് യുഡിഎഫ് പാളയത്തിലേക്ക്. എകെ ആന്റണി ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗം. പക്ഷേ, ഗൗരിയമ്മയിലെ കമ്മ്യൂണിസ്റ്റ് അസ്വസ്ഥയായിരുന്നു. അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടികളില്‍ തളരാത്ത ആ പോരാളി ഇടത് കൂടാരത്തിലേക്ക് തിരിച്ചെത്തി. പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ചര്‍ച്ചയ്ക്ക് പല തടസ്സങ്ങളും ഉണ്ടായിരുന്നു. 

ഉയര്‍ച്ച താഴ്ചകള്‍ കണ്ട രാഷ്ട്രീയ ജീവിതത്തില്‍ മൂര്‍ച്ചയും തിളക്കവും കൈമോശം വരാത്ത, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. നീതിയ്ക്കും സമത്വത്തിനും ചുവന്ന പുലരിയ്ക്കുമായി ഒരു ജന്‍മം ചിലവിട്ട വിപ്ലവകാരി ധീരതയുടെയും പ്രതിബന്ധതതയുടെയും പ്രതീകം കൂടിയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ട് മലയാളത്തിന് നല്‍കിയ ഏറ്റവും കരുത്തുറ്റ വനിതയ്ക്ക് പിറന്നാള്‍ ആശംസകള്‍.