• 07 Aug 2020
  • 07: 12 AM
Latest News arrow

എന്താണ് ഡിപ്ലോമാറ്റിക് ബാഗേജ്? എന്ത് പരിരക്ഷയാണ് ഈ ബാഗിനുള്ളത്?

കേരളത്തില്‍ രാഷ്ട്രീയ വിവാദത്തിനടക്കം തിരികൊളുത്തിയിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉയര്‍ന്ന് കേട്ട പദമാണ് ഡിപ്ലോമാറ്റിക് ബാഗേജ് എന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരും നയതന്ത്രബന്ധങ്ങളും ദുരുപയോഗിച്ചാണ് കേസിലെ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയത്. പ്രത്യേകിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വഴി. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതുമുതല്‍ തങ്ങള്‍ക്ക് ഈ സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ച് പറഞ്ഞിരുന്നു. ശരിക്കും എന്താണ് ഈ ഡിപ്ലോമാറ്റിക് ബാഗേജ്? എന്ത് തരത്തിലുള്ള പരിരക്ഷയാണ് ഈ ബാഗേജിന് വിമാനത്താവളങ്ങളില്‍ ലഭിക്കുന്നത്?

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിലപ്പെട്ട ഒരു പെട്ടിയാണ് ഈ ഡിപ്ലോമാറ്റിക് ബാഗേജ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിനോ അല്ലെങ്കില്‍ ആ രാജ്യത്തിന്റെ സ്ഥാനപതികാര്യാലയത്തിനോ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനങ്ങള്‍ക്കോ രേഖകള്‍ അയക്കുന്ന നയതന്ത്രപ്പെട്ടിയാണിത്. രേഖകള്‍ കൂടാതെ അവശ്യ സാധനങ്ങള്‍, ഉപഹാരങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍, മരുന്നുകള്‍ അടക്കം ഈ നയതന്ത്രപ്പെട്ടിയില്‍ അയക്കാന്‍ കഴിയും. 1961 ലെ വിയന്ന കണ്‍വെന്‍ഷന്‍ ഈ നയതന്ത്രപ്പെട്ടിയ്ക്ക് ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കുമ്പോള്‍ അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും പേരുകള്‍ ഈ പെട്ടിയില്‍ കൃത്യമായി രേഖപ്പെടുത്തണം. വിമാനത്തിലാണെങ്കില്‍ പൈലറ്റിനും കപ്പലിലാണെങ്കില്‍ ക്യാപ്റ്റനും ഇതിന്റെ പകര്‍പ്പ് നല്‍കണമെന്നും ചട്ടമുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ഈ നയതന്ത്രപ്പെട്ടി പരിശോധിക്കേണ്ടി വന്നാല്‍ വെറുതെയങ്ങ് തുറന്ന് പരിശോധിക്കാന്‍ കഴിയില്ല. അത് അയച്ച രാജ്യത്തിന്റെ സ്ഥാനപതിയോ അവിടുത്തെ ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തില്‍ മാത്രമേ ഇത് പരിശോധിക്കാനാകൂ. ഒപ്പം ഡിപ്ലോമാറ്റിക് ബാഗ് സ്വീകരിച്ച രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയടക്കം ഇടപെടലും ആവശ്യമുണ്ട്. യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് അതിന്റെ എല്ലാ ചട്ടങ്ങളും പൂര്‍ത്തിയാക്കിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്നത്. 

ഏതായാലും സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി ഇന്ത്യയിലെ യുഎഇ എംബസി രംഗത്തെത്തിയിട്ടുണ്ട്. എംബസിയ്‌ക്കോ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കില്ലെന്നാണ് ഇന്ത്യയിലെ യുഎഇ സ്ഥാപനപതി വിശദീകരിക്കുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര സൗകര്യങ്ങള്‍ ചിലര്‍ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. നേരത്തെ എംബസിയില്‍ നിന്ന് പുറത്താക്കിയ ഒരു ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബെന്ന വിശദീകരിക്കുന്നത്. 

എങ്കിലും ചില ചോദ്യങ്ങള്‍ ബാക്കി. കേവലം ഒരു ഉദ്യോഗസ്ഥന് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ഇടപാടിലെ ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമോ? അതോ ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ? ഈ വിഷയത്തിലെല്ലാം ഉത്തരം നല്‍കേണ്ടത് അന്വേഷണ ഏജന്‍സികളാണ്. 

Editors Choice