തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ്; ഐടി വകുപ്പ് ഉദ്യോഗസ്ഥയായ ഇവര്‍ ഒളിവിലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക ഐടി വകുപ്പ് ജീവനക്കാരിയായ സ്വപ്ന സുരേഷ്. കേസില്‍ നേരത്തെ അറസ്റ്റിലായ കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരം ലഭിച്ചത്. സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിച്ചത് സരിത്താണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ സരിത്തല്ല, സ്വപ്ന സുരേഷാണെന്നാണ് കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നു.
നേരത്തെ സരിത്തും സ്വപ്ന സുരേഷും ഈ കോണ്‍സുലേറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മുതല്‍ അവര്‍ ഇത്തരത്തില്‍ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് എന്തോ കാരണത്താല്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കി. എന്നിട്ടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു.
കോണ്‍സുലേറ്റിലേക്കുള്ള കണ്സൈന്മെറ്റെല്ലാം സരിത്ത് വഴിയാണ് വന്നിരുന്നത്. ഡിപ്ലോമാറ്റിക് ബാഗ് ആയതുകൊണ്ട് കസ്റ്റംസിന്റെ പരിശോധന ഉണ്ടാകില്ല. തുടര്‍ന്ന് കണ്‍സൈന്മെറ്റ് വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ സരിത്ത് ഈ കാര്‍ഡുമായി ചെന്ന് ഇത് ഏറ്റുവാങ്ങുകയാണ് ചെയ്തിരുന്നത്. ഇത് മുതലാക്കി കോണ്‍സുലേറ്റിന്റെ പിആര്‍ഒ എന്ന പേരില്‍ സരിത്ത് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി. അതുവഴി കള്ളക്കടത്ത് നടത്തുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കസ്റ്റംസിന് ഇത്തരത്തില്‍ കള്ളക്കടത്ത് നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിക്കുന്നത്. ജൂണ്‍ 30ന് എമിറേറ്റ്സ് വിമാനത്തില്‍ ഒരു കടത്ത് നടക്കുന്നുണ്ടെന്നായിരുന്നു വിവരം. ജൂണ്‍ 30ന് ബാഗ് എത്തിയപ്പോള്‍ കസ്റ്റംസ് അത് ക്ലിയര്‍ ചെയ്യാതെ തടഞ്ഞുവെച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്നലെ പരിശോധിക്കുകയായിരുന്നു. ഈ പരിശോധന നടക്കുമ്പോള്‍ കോണ്‍സുലേറ്റിന്റെ അറ്റാഷയെയും വിളിച്ചുവരുത്തിയിരുന്നു. അറ്റാഷയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറന്നതും കള്ളക്കടത്ത് പിടികൂടിയതും.
കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരിയായ സ്വപ്ന സുരേഷ് കോണ്‍സുലേറ്റില്‍ നിന്നും പുറത്തായതിന് ശേഷം ജോലി ചെയ്തിരുന്നത് കേരള ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്ഫ്രാസ്ട്രക്ച്ചറിലാണ്. അവിടെ ഓപ്പറേഷന് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഈ തട്ടിപ്പ് പുറത്തായതോടെ സ്വപ്ന സുരേഷ് ഒളിവില്‍ പോയെന്നാണ് കസ്റ്റസം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍