• 07 Aug 2020
  • 06: 02 AM
Latest News arrow

കൊവിഡ്: തിരുവനന്തപുരം നഗരത്തിലെ സ്ഥിതി സങ്കീര്‍ണം; ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോയേക്കും

തിരുവനന്തപുരം: തലസ്ഥാന നഗരം സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ കര്‍ശനമായിട്ടുള്ള നടപടികളിലൂടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തണമെന്നാണ് ഇപ്പോള്‍ നമ്മള്‍ ആലോചിക്കുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായിട്ടുള്ള ആളുകള്‍ അടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടു കൂടി തന്നെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. കുമരിച്ചന്തയില്‍ ഒരു മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തുടര്‍ച്ചയായി കന്യാകുമാരിയുമായി ബന്ധപ്പെട്ടയാളാണ്. നേരത്തെ കുമരിച്ചന്തയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുമായുള്ള സഹവാസം മാത്രമല്ല ഇയാളുടെ രോഗബാധയ്ക്ക് കാരണം. അതൊരു ഗൗരവമായ കാര്യമാണ്. നേരത്തെ പൂന്തുറയില്‍ ഒരു മെഡിക്കല്‍ റെപ്പിനും അദ്ദേഹത്തിന്റെ അച്ഛനും കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഗൗരവമായിട്ടുള്ള കാര്യമാണ്. ഈ റെപ്പിന് എവിടെ നിന്നാണ് രോഗം ലഭിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹം ആശുപത്രിയിലും മെഡിക്കല്‍ ഷോപ്പുകളിലും പോവുകയും നിരവധി ഡോക്ടര്‍മാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

നാല് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുകയും ഇവരുടെ ഉറവിടം വ്യക്തമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിരിക്കുന്നത്. നഗരത്തില്‍ മാത്രമല്ല, നഗരത്തിന് പുറത്തേയ്ക്കും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്‍ പരിധിയിലെ പാളയം അയ്യങ്കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ടൗണ്‍, കണ്ണംപള്ളി എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍.

തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. വളരെ ഗുരുതരമായ ഒരു രീതിയിലേക്ക് തലസ്ഥാന നഗരം പോകുന്നത്. പ്രത്യേകിച്ച് സെക്രട്ടറിയേറ്റ്, പാളയം അടക്കമുള്ള സ്ഥലങ്ങളിലെല്ലാം സ്ഥിതി സങ്കീര്‍ണമാണ്. ഇവിടെ രണ്ടുമൂന്ന് ദിവസമായി രോഗം സ്ഥിരീകരിച്ചയാളുകള്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ്. എആര്‍ ക്യാമ്പിലെ പൊലീസുകാരില്‍ 101 പൊലീസുകാര്‍ക്ക് ഇന്നലെ സ്രവപരിശോധന നടത്തിയിരുന്നു. ഇവരില്‍ 28 പേരെ ക്വാറന്റീനിലേക്ക് ആക്കി. ഇവരില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാമെന്നതാണ് ആശങ്കപ്പെടുത്തുന്നത്. 

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനുമുണ്ട്. സമ്പര്‍ക്ക സാധ്യതയുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവായി എന്നത് സമൂഹവ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ ഒരുപാട് ആളുകള്‍ കച്ചവടകാര്യങ്ങള്‍ക്ക് നഗരത്തിലെത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് രോഗം പടര്‍ന്നോ എന്നത് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തീരമേഖലയിലും കാര്യമായി രോഗബാധ വരുന്നുണ്ട്. പൂന്തുറയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. പ്രതിരോധം ഏകോപിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്ന് പോകുമോയെന്ന പേടിയാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ നഗരം ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോകും. 

Editors Choice