• 07 Aug 2020
  • 05: 34 AM
Latest News arrow

'കേറി വാ മക്കളേ'യെന്ന് സിപിഎം; എട്ടിലെ യോഗത്തിന് ശേഷം പറയാമെന്ന് ജോസ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസിനോട് 'കേറി വാ മക്കളേ' എന്ന് പറഞ്ഞ് സിപിഎം. കാനത്തിന്റെ അഭിപ്രായം ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. പെട്ടെന്ന് തീരുമാനം എടുക്കണമെന്നാണ് സിപിഎം, ജോസ് വിഭാഗത്തോട് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിന്റെ അനൗദ്യോഗിക ക്ഷണം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ജോസ് വിഭാഗം എട്ടാം തിയതി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ജോസ് വിഭാഗത്തെ സ്വീകരിക്കണമെന്ന നിലപാടാണ് എടുത്തത്. ആ സാഹചര്യത്തിലാണ് വളരെ വേഗം തീരുമാനമെടുക്കാന്‍ സിപിഎം നേതാക്കള്‍ ജോസ് വിഭാഗത്തോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഉന്നതാധികാര സമിതി ചേരാന്‍ ആലോചിച്ചത്. 

എന്നാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും പോകേണ്ടെന്ന ഒരു തീരുമാനമുണ്ട്. അതേസമയം തന്നെ യുഡിഎഫ് വിടുന്നതിനോട് ജോസ് പക്ഷത്തെ ചിലര്‍ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. അതൊക്കെ ചര്‍ച്ച ചെയ്യാനാണ് ഈ മാസം എട്ടിന് യോഗം ചേരുന്നത്. 

അതിന് മുമ്പ് ഈ മാസം ഏഴിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു വിധി വരുന്നുണ്ട്. രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോസ് പക്ഷം കമ്മീഷനെ സമീപിച്ചു. ഇതിന്റെ വിധിയാണ് ഏഴിന് വരുന്നത്. അതിന് ശേഷമായിരിക്കും നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം. വിധി വന്നശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. 

 

Editors Choice