• 07 Aug 2020
  • 06: 40 AM
Latest News arrow

''ആര്‍ക്കും തോല്‍പ്പിക്കാനാകില്ല ഇന്ത്യന്‍ സൈനികരുടെ ദൃഢനിശ്ചയത്തെ''; ലഡാക്കില്‍ പ്രധാനമന്ത്രിയുടെ 'തീപ്പൊരി' പ്രസംഗം

''ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്ന രാജ്യം തകര്‍ന്നടിയും''

ലഡാക്ക്: ഇന്ത്യന്‍ സൈനികരുടെ ദൃഢനിശ്ചയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല ഈ ദൃഢനിശ്ചയത്തെ. രാജ്യത്തിന് മുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. രാജ്യം ജവാന്‍മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. സ്വയം പര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യാ-ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒരു തീപ്പൊരി പ്രസംഗം നടത്തി സൈനികര്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നതെല്ലാം പകര്‍ന്ന് നല്‍കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. അദ്ദേഹം നിന്ന് സംസാരിക്കുന്ന മേഖലയുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ആ മേഖലയുടെ കൃത്യമായ രാഷ്ട്രീയവും ചരിത്രവും മനസ്സിലാക്കികൊണ്ടുള്ള ഒരു പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്.

ബുദ്ധമതവിശ്വാസികള്‍ ഏറ്റവുമധികം ഉള്ള മേഖലയാണ് ലഡാക്ക്. അതുകൊണ്ട്തന്നെ ബുദ്ധനെക്കുറിച്ചാണ് മോദി ഏറ്റവുമധികം സംസാരിച്ചത്. റിംപോച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ ടിബറ്റന്‍ ബുദ്ധമതവിശ്വാസികളുടെ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുകയും പിന്നീട് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത റിംപോച്ചയെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒപ്പം ജമ്മുകശ്മീര്‍ മേഖലയെക്കുറിച്ച് പറയാതെ ലഡാക്കിനെക്കുറിച്ച് പരമാര്‍ശിച്ചുകൊണ്ട് എന്തുകൊണ്ടാണ് പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരതയുണ്ടാകുന്നതെന്നും എന്തുകൊണ്ടാണ് ലഡാക്കില്‍ ഭീകരതയുണ്ടാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഭീകരതയുണ്ടാക്കാത്തതിന് കാരണം അവിടെ ബുദ്ധവിശ്വാസം ഉള്ളതുകൊണ്ടും റിംപോച്ചയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെയെല്ലാം ഭാഗമായിട്ടുമാണെന്ന രാഷ്ട്രീയം അദ്ദേഹം ചേര്‍ത്തുവെച്ചു. 

എന്താണ് ഇന്ത്യയുടെ നിലപാടെന്നും എന്തുകൊണ്ട് ഇന്ത്യ ഇപ്പോള്‍ സൈനിക നീക്കം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. സമാധാനമുണ്ടാകണമെങ്കില്‍ കരുത്തുണ്ടാകണം. ദുര്‍ബലനായ വ്യക്തിയ്ക്ക് സമാധാനമുണ്ടാക്കാന്‍ കഴിയില്ല. ഇതിനായി ബുദ്ധന്റെ വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്. 'സത്യസന്ധമായി യഥാര്‍ത്ഥ സംഭവങ്ങളെ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ധീരന്‍.' അങ്ങിനെയുള്ള ധീരരെയാണ് രാജ്യത്തിന് വേണ്ടത് എന്ന് മോദി പറഞ്ഞു. ഇന്ത്യ നടത്തുന്നത് സമാധാനത്തിന് വേണ്ടിയുള്ള ലോക നന്‍മയ്ക്ക് വേണ്ടിയുള്ള സൈനിക നീക്കമാണ്. ഇന്ത്യയുടേത് പ്രകോപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ചൈനയുടെ പേരെടുത്ത് പറയാതെ ചൈനയുടെ രാഷ്ട്രീയ നടപടികളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. 'ഭൂവിസ്തൃതി കൂട്ടാനുള്ള വിസ്തൃത വാദങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന രാജ്യങ്ങള്‍ക്ക് നിലനില്‍പ്പില്ല. അത്തരം രാജ്യങ്ങള്‍ തകര്‍ന്നടിയും' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പതിനെട്ട് രാജ്യങ്ങളുമായി അതിര്‍ത്തിതര്‍ക്കമുള്ള രാജ്യമാണ് ചൈന. അയല്‍ക്കാരുമായി ഒരു തരത്തിലും യോജിച്ച് പോകാത്ത അസ്വസ്ഥമായ രാജ്യമാണത്. 

എന്നാല്‍ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത് വികസനത്തിന്റെ ദര്‍ശനമാണ്, രാഷ്ട്രീയവും നയവുമാണ്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചടത്തോളം അതിര്‍ത്തി നീക്കങ്ങള്‍ സമാധാനത്തിന് വേണ്ടിയും വികസനത്തിന് വേണ്ടിയുള്ള യാത്രയുടെ ഭാഗമായിട്ടുമാണ്. അതിനെ പ്രകോപനമായിട്ട് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് സംസാരിച്ച പ്രധാനമന്ത്രി മറ്റേ അറ്റം വരെയുള്ള, ഇന്ത്യയുടെ മുഴുവനും വിശ്വാസത്തെയും സംസ്‌കാരത്തെയും കൂട്ടിപ്പിടിക്കാന്‍ പരമാവധി ശ്രമിച്ചു. തിരുവള്ളുവരെപ്പോലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ എന്ന സങ്കല്‍പ്പത്തെ പരമാവധി ചേര്‍ത്ത് നിര്‍ത്തി. സൈനികരുടെ വീര്യത്തെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വാഴ്ത്തി. എന്താണ് ഇന്ത്യയുടെ കരുത്ത് എന്നത് ഗല്‍വാനിലെ ഏറ്റുമുട്ടലിലൂടെ ലോകത്തിന് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായി തിരിച്ചടിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം എപ്പോഴും സജ്ജമാണ്. അതിനുള്ള ശേഷിയുമുണ്ട്. അത് ലോകമഹായുദ്ധ കാലം മുതല്‍ തെളിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യന്‍ ജവാന്റെ ധൈര്യം അവന്‍ പട്രോളിങ് നടത്തുന്ന മലനിരകളോളം, അതായത് ഹിമാലയത്തോളം ഉയര്‍ന്നതും കാഠിന്യമേറിയതുമാണ്.കരുത്തും ദൃഢനിശ്ചയവും ഉള്ളവരാണ് സൈനികരെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രധാനമന്ത്രി ഇത്തരത്തിലൊരു സന്ദര്‍ശനം നടത്തുന്നതെന്ന് ലോകരാജ്യങ്ങള്‍ പോലും ഉറ്റുനോക്കുകയാണ്. രണ്ട് സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. ഒന്ന് നിലവില്‍ സൈനികര്‍ ഏത് തരത്തിലുള്ള പിന്തുണയാണോ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള എല്ലാ പിന്തുണയും നടപടികളും അവര്‍ക്കുണ്ടാകുമെന്ന സന്ദേശം. രണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും നല്‍കുന്ന സന്ദേശം.

പ്രധാനമന്ത്രി ലഡാക്കിലെത്തുന്നതിന് മുമ്പ് ചൈനീസ് വിദേശകാര്യ വക്താവ് ഒരു പ്രതികരണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏതെങ്കിലും തരത്തില്‍ തള്ളിപ്പറയുന്നതായിരുന്നില്ല അത്. മറിച്ച് കരുതലോടുകൂടി മുനവെച്ചുള്ള പ്രസ്താവനയാണ് ചൈനീസ് വിദേശകാര്യ വക്താവ് നടത്തിയത്. 'ആരുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള പ്രകോപനവും ഉണ്ടാകരുത്. സൈനിക തലത്തിലും നയതന്ത്ര തലത്തിലും സമാധനാനത്തിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനയുടെ ഭാഗത്ത് നിന്നുള്ള ആ പ്രതികരണം കൂടി ചേര്‍ത്ത് വേണം പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍. സമാധാനഭംഗമല്ല ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ച് കടക്കാനും ശ്രമിച്ചവരെ തടയാനുമാണ് ഇന്ത്യ ശ്രമിച്ചത്. ഇന്ത്യയുടെ കരത്ത് മറ്റുള്ളവരെ കീഴ്‌പ്പെടുത്താനല്ല. ഇതാണ് രണ്ടാമത്തെ സന്ദേശം. 

Editors Choice