ബോളിവുഡ് നൃത്തസംവിധാന രംഗത്തെ ഒരു യുഗം അവസാനിച്ചു; സരോജ് ഖാന് വിടപറഞ്ഞു

ബോളിവുഡിലെ മുതിര്‍ന്ന നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശ്വസനസംബന്ധമായ അസുഖങ്ങളോടെ ബാന്ദ്രയിലെ ഗുരുനാനാക്ക് ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ജൂണ്‍ 20നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ സരോജ് ഖാന്റെ ആരോഗ്യ നില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. രാവിലെ മകളാണ് മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. സംസ്കാരം മുംബൈയിലെ മലാഡില്‍ നടക്കും.
ബോളിവുഡിന്റെ എണ്ണിപ്പറയുന്ന ഒരുപിടി ഗാനരംഗങ്ങള്‍ക്ക് നൃത്തസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് സരോജ് ഖാന്. നാല് പതിറ്റാണ്ടായി ബോളിവുഡില്‍ സജീവമായിരുന്ന സരോജ് ഖാന് 2000ത്തോളം ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്കാരവും നേടി.
രേഖയുടെയും ശ്രീദേവിയുടെയും ഐശ്വര്യ റായ് ബച്ചന്റെയും മാധുരി ദീക്ഷിതിന്റെയും ഉള്‍പ്പെടെയുള്ള പ്രമുഖരായ അഭിനയത്രികളുടെ ഹിറ്റായ പല നൃത്തഗാനരംഗങ്ങള്ക്കും നൃത്തസംവിധാനം നിര്‍വ്വഹിച്ചത് സരോജ് ഖാനാണ്. ദേവാദാസ്, തേസാബ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ സരോജ് ഖാന് നൃത്തസംവിധാനം നിര്‍വ്വഹിച്ച നൃത്തഗാനരംഗങ്ങള് നിത്യഹരിതങ്ങളാണ്.
1950കളില്‍ നടിമാരുടെ പിന്നില്‍ നൃത്തച്ചുവടുകളുമായി ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ച സരോജ് ഖാന് സ്വതന്ത്ര നൃത്തസംവിധായികയായി മാറുന്നത് 1974ലെ ഗീതാ മേരാ നാം എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് ഹിറ്റുകളുടെ ഒരു പരമ്പരയാണ് സരോജ് ഖാന് ലഭിച്ചത്.
തേസാബിലെ മാധുരി ദീക്ഷിതിന്റെ എക് ദോ തീന് എന്ന നൃത്തഗാനരംഗം, ഐശ്വര്യയും മാധുരിയും ചേര്‍ന്ന് തകര്‍ത്താടിയ 1988ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസിലെ ഡോലാരേ എന്ന നൃത്തഗാനരംഗം, 1987ല്‍ ശ്രീദേവിയ്ക്കായി മിസ്റ്റര്‍ ഇന്ത്യയില്‍ ഒരുക്കിയ ഹവാ ഹവാ എന്ന നൃത്തം തുടങ്ങി ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ നിത്യഹരിതങ്ങളായ നിരവധി നൃത്തരംഗങ്ങള്‍ സരോജ് ഖാന്റെ മാസ്മരികമായ പ്രതിഭയില്‍ ഉയിര്‍ക്കൊണ്ടതാണ്. ജബ് വി മെറ്റിലെ 'ഏയ് ഇഷ്ക്' എന്ന് തുടങ്ങിയ ഗാനവും സരോജ് ഖാന്റെ നൃത്തച്ചുവടുകളാല്‍ ശ്രദ്ധ നേടി.
ചലച്ചിത്രത്തില്‍ ക്ലാസിക്കല്‍ കൊറിയോഗ്രാഫിയുടെ ഉജ്ജ്വല പ്രഭാവത്തെ ഉള്‍ച്ചേര്‍ത്ത അതുല്യ പ്രതിഭയായിരുന്നു സരോജ് ഖാന്. നൃത്തത്തിലെ ഓരോ ചുവടുകളുടെയും അളവുകള്‍ പോലും കണക്കുക്കൂട്ടി സംഗീതത്തോട് ചേര്‍ത്തുവെയ്ക്കുന്നതില്‍ അവര്‍ കണിശക്കാരിയായിരുന്നു. ജീവിതം നൃത്തസംവിധാനത്തിന് വേണ്ടി മാറ്റിവെയ്ച്ച ഒരു കലാകാരിയാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്.
സരോജ് ഖാന്റെ ആകസ്മികമായ മരണത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഉച്ച കഴിഞ്ഞ് മലാഡിലുള്ള സ്മശാനത്തില്‍ അവരുടെ സംസ്കാരച്ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തും.