വെള്ളാപ്പള്ളിയെ വേട്ടയാടി മറ്റൊരു ദുരൂഹമരണവും; ശാശ്വതീകാനന്ദയുടെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വലം കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗ നേതാവ് കെകെ മഹേശന്റെ ദുരൂഹ മരണം കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഈ സമയത്ത് വെള്ളാപ്പള്ളി നടേശനെ ആരോപണത്തിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു ദുരൂഹമരണക്കേസ് സജീവ ചര്‍ച്ചയാകുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്എന്‍ഡിപി യോഗത്തെയും എസ്എന്‍ ട്രസ്റ്റിനെയും വെള്ളാപ്പള്ളി നടേശനെയുമൊക്കെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം.
2002 ജൂലൈ ഒന്നിനായിരുന്നു ആലുവ അദ്വൈതാശ്രമത്തിനടുത്തുള്ള കുളിക്കടവില്‍ സ്വാമി ശാശ്വതീകാനന്ദയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നീന്തലറിയാവുന്ന പല അഭ്യാസങ്ങളിലും യോഗാസനങ്ങൡും അഗ്രഗണ്യനായ സ്വാമി കുളത്തില്‍ മുങ്ങിമരിക്കില്ലെന്ന് അന്ന് തന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സ്വാമിയുടെ മരണം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. അദ്ദേഹത്തെ കൊന്നതാണെന്ന് വെള്ളാപ്പള്ളി നടേശന് എതിരെ നില്ക്കുന്ന ഒരു വിഭാഗം ആരോപിച്ചു. എന്നാല്‍ സ്വാമിജിയുടേത് ജലസമാധിയാണെന്ന് പറഞ്ഞ് മഹത്വവല്‍ക്കരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശനും എസ്എന്‍ ട്രസ്റ്റും എസ്എന്‍ഡിപിയും ശിവഗിരി മഠവുമെല്ലാം. അങ്ങിനെ ആരോപണ പ്രത്യാരോപണങ്ങളില്‍പ്പെട്ട് സ്വാമിയുടെ ദുരൂഹമരണക്കേസ് മുങ്ങിപ്പോയി. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വാമി ശാശ്വതീകാനന്ദയുടെ കുടുംബം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി അധികാരികളുടെ മുമ്പില്‍ കയറിയിറങ്ങുകയാണ്.
തന്റെ 31-ാം വയസ്സില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്തേയ്ക്കെത്തിയ ഒരു പണ്ഡിതനും വാക്മിയുമൊക്കെയായിരുന്നു സ്വാമി ശാശ്വകാനന്ദ. 1980കളിലും 90കളിലും കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ച ഒരു വ്യക്തിത്വം. കോണ്‍ഗ്രസിലെ അതികായനായ കരുണാകരനുമായും സിപിഎമ്മിലെ പ്രഗല്ഭനായ നേതാവ് വിഎസ് അച്യുതാനന്ദനുമായും ബിജെപിയിലെ ഏറ്റവും പ്രമുഖനായ പിപി മുകുന്ദനുമായുമെല്ലാം ഒരേ സമയം ഒരേ പോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ സ്വാമി ശാശ്വതീകാനന്ദയ്ക്ക് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്ന സ്ഥാനം നേടിക്കൊടുത്തത്. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് സ്വാമി ശാശ്വതികാനന്ദയാണെന്ന് അന്ന് ഒരു ചൊല്ലു തന്നെയുണ്ടായിരുന്നു. അത് വെറും ചൊല്ലായിരുന്നില്ലെന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താവും വാക്മിയുമായിരുന്നു സ്വാമി ശാശ്വതികാനന്ദയെന്നും മുതിര്‍ന്ന രാഷ്ട്രീയക്കാരും പത്രപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.
വിദ്യ കൊണ്ട് പ്രബുദ്ധരാകണം എന്ന് ശ്രീനാരായണ ഗുരു ഉപദേശിച്ചു. എന്നാല്‍ വിദ്യ കൊണ്ട് മാത്രമല്ല, സാമ്പത്തികമായും ശക്തിപ്പെടണമെന്ന് സ്വാമി ശാശ്വതീകാനന്ദ തിരുത്തി. ഇതിനായ് അദ്ദേഹം അനുയായികളെ സജ്ജരാക്കി. തന്റെ വിശ്വസ്തരായ പലര്‍ക്കും അദ്ദേഹം വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ അങ്ങോട് പണം നല്കി.
1995-96 കാലഘട്ടത്തില്‍ എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും തലപ്പത്ത് വെള്ളാപ്പള്ളി നടേശന് അവരോധിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ശാശ്വതീകാനന്ദയുടെ ഏറ്റവും പ്രമുഖനായ അനുയായി മാറുന്നത് കേരളം കണ്ടു. എന്നാല്‍ അധികം വൈകാതെ ഇരുവരും തമ്മില്‍ തെറ്റുന്നതിനും കേരളം സാക്ഷിയായി. സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തില്‍ ഹിന്ദു ശക്തികള്‍ കയ്യേറുന്നുവെന്ന് പറഞ്ഞുകൊണ്ട് നടന്ന കലാപത്തില്‍ അബ്ദുള്‍ നാസര്‍ മദ്അനിയെപ്പോലും കൂട്ടുപിടിയ്ക്കാന്‍ ശാശ്വതീകാനന്ദ തയ്യാറായതും പിന്നീട് ശിവഗിരിക്കുന്നുകളില്‍ നടന്ന പൊലീസ് നടപടിയുമൊക്കെ കേരള രാഷ്ട്രീയത്തിലെയും കേരള സമൂഹത്തിലെയും കുപ്രസിദ്ധമായ അധ്യായങ്ങളാണ്.
2002 ജൂലൈ ഒന്നിന് ശാശ്വതീകാനന്ദ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഗള്‍ഫ് രാജ്യത്ത് വെച്ച് തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മില്‍ ബിസിനസ്പരമായ എന്തോ കാര്യത്തിന് തെറ്റിയെന്നും അഭിപ്രായ വ്യത്യാസമുണ്ടായെന്നും അടിപിടിയുണ്ടായെന്നുമൊക്കെ ശാശ്വതീകാനന്ദയുടെ അടുപ്പക്കാരായ പലരും പൊലീസിനോട് പരാതി പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹം മരിക്കുന്നത്. സ്വാമി മരിച്ചതിന് ശേഷം ശരിയായ പോസ്റ്റുമോര്‍ട്ടം പോലും നടത്തിയില്ലെന്ന് ആരോപണമുണ്ട്. സ്വാമിയുടെ മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ വിരുദ്ധ വിഭാഗമാണ്. അവര്‍ക്ക് കാര്യമായ ആള്‍ബലമില്ല. അതുകൊണ്ട് തന്നെ അവരുടെ ആരോപണങ്ങള്‍ ആരും മുഖവിലയ്ക്കെടുത്തില്ല.
മരണത്തിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷണ ഏജന്‍സികളും കടന്നില്ല. ബിജു രമേശിന്റെയും മറ്റും ഇടപെടലിന്റെ ഭാഗമായി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഒരു തവണ പുനരന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സ്വാമിയുടെ മരണം അസ്വാഭാവിക മരണമാണെന്ന് മാത്രം പറഞ്ഞ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അത് അവസാനിച്ചു.
ഇപ്പോള്‍ കണിച്ചുകുളങ്ങര കേന്ദ്രീകരിച്ച് മറ്റൊരു ദുരൂഹ മരണം ചര്‍ച്ചയാകുമ്പോഴാണ് ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം വീണ്ടും രംഗത്ത് വരുന്നത്. എന്തായാലും സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ സജീവമാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍