• 30 Nov 2020
  • 01: 20 PM
Latest News arrow

ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ ഡിജിറ്റല്‍ മിന്നലാക്രമണം; ടിക് ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ-ചൈനഅതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി എക്‌സെന്‍ഡര്‍, വൈറസ് ക്ലീനര്‍ തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതയും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഈ ഡിജിറ്റല്‍ മിന്നലാക്രമണം. 

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഇന്ത്യ ചൈന ബന്ധത്തെ ഏറെ കലുഷിതമാക്കിയിരുന്നു. തുടര്‍ന്നാണ് ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷയക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമുള്ള ഐടി മന്ത്രാലയത്തിന്റെ നടപടി. 

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ഇന്ത്യ മുന്‍നിരയിലാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ ഈ ആപ്ലിക്കേഷനുകള്‍ ഗുരുതരമായി ബാധിക്കുന്നുണ്ട്. 130 കോടി ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതെന്നും ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.

ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ ഡേറ്റ ഇന്ത്യയ്ക്ക് പുറത്തുള്ള സര്‍വ്വറുകളിലേക്ക് അനധികൃതമായി മാറ്റുന്നതായി പരാതികള്‍ ലഭിച്ചു. ഈ ഡേറ്റ മുഴുവന്‍ ഉപയോഗിച്ചും വിലയിരുത്തിയും വിശകലനം ചെയ്തും ഇന്ത്യക്കാരുടെ സുരക്ഷയെ അപകടത്തിലാക്കാനുള്ള ശ്രമമുണ്ട്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഇതര ഉപകരണങ്ങളിലും നിരോധനമുണ്ട്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയിലാണ്. 2 ബില്ല്യണ്‍ ഉപയോക്താക്കളാണ് ടിക് ടോക്കിന് ആകെയുള്ളത്. ജൂണ്‍ 15ന് ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ബോയ്‌കോട്ട് ചൈന പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.