• 04 Jul 2020
  • 11: 09 AM
Latest News arrow

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: നടി ഷംന കാസിമിന്റെ മൊഴി ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തും; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ന് ഷംനയുടെ മൊഴിയെടുക്കും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും ഷംനയുടെ മൊഴി രേഖപ്പെടുത്തുക. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് പുതിയ കേസുകള്‍. 

ആള്‍മാറാട്ടം നടത്തി വിവാഹ അഭ്യര്‍ത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരെ ഷംന കാസിം നല്‍കിയ പരാതി. ഈ പരാതിയില്‍ അന്വഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. കേസില്‍ മുഖ്യപ്രതി ഷരീഫ് അടക്കം ഏഴ് പേര്‍ ഇതുവരെ പിടിയിലായി. 

അതിനിടയിലാണ് ഹൈദരാബാദില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ എത്തുന്ന ഷംനയുടെ മൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.

അതേസമയം പ്രതികളായ റഫീഖ്, മുഹമ്മദ് ഷരീഫ് തുടങ്ങിയവരുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഷംനയുടെ മരടിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട കേസിലെ പ്രധാന പ്രതിയായ ഷരീഫിന്റെ, സിനിമയില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളാണ് ഷംനയ്ക്ക് വിവാഹ ആലോചന കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം. 

കേസിലെ മറ്റൊരു പ്രധാന പ്രതിയായ റഫീഖിന്റെ സുഹൃത്തും ഇടുക്കി സ്വദേശിനിയുമായ യുവതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട്ടും വടക്കാഞ്ചേരിയിലും എത്തിച്ചതെന്ന് പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ്. തട്ടിപ്പിനിരയായ ഇടുക്കി സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്.

 

Editors Choice