• 04 Jul 2020
  • 10: 37 AM
Latest News arrow

മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; എടപ്പാളില്‍ ഭിക്ഷാടകനും രോഗം

മലപ്പുറം: മലപ്പുറത്ത് വട്ടംകുളത്ത്‌ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സെന്റിനല്‍ സര്‍വ്വൈലന്‍സ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച ഈ ആരോഗ്യപ്രവര്‍ത്തകര്‍ നിരവധി രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അവരുടെ പട്ടിക തയ്യാറാക്കുക എന്ന ബുദ്ധിമുട്ടേറിയ കാര്യമാണ് ഇനി ചെയ്യാനുള്ളത്. ആശുപത്രി അടച്ചു. ഇന്ന് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം എടപ്പാളില്‍ ഭിക്ഷാടകന് കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി ഗുരുതരമാക്കുന്നു. ഇയാള്‍ നിരവധി വീടുകള്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നു. എവിടെയൊക്കെ താന്‍ പോയിയെന്ന് പറയാന്‍ ഭിക്ഷാടകന് സാധിക്കാത്തത് സമൂഹവ്യാപനം എന്ന സങ്കീര്‍ണാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ പോയ ഇടങ്ങളിലുള്ള വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിട്ടുണ്ട്. പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണുകളാക്കിയേക്കും.

 

Editors Choice