• 10 Aug 2020
  • 01: 47 AM
Latest News arrow

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: യുവതി അടക്കം നാല് പ്രതികള്‍ കൂടി; ഇടുക്കിക്കാരി മീരയ്ക്കായ് തിരച്ചില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ കൂടുതല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കും. ഒരു യുവതി അടക്കം നാല് പേര്‍ കൂടി കേസില്‍ പ്രതികളാകും. യുവതികളെ പാലക്കാട്ടേയ്ക്ക് വിളിച്ചുവരുത്തിയ ഇടുക്കി സ്വദേശിയായ മീര എന്ന സ്ത്രീ ഉള്‍പ്പെടെയാണ് കേസില്‍ പ്രതിയാകുന്നത്. 

ഇതോടെ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം ആറായി. ഷംന കാസിമിന്റെ പരാതിയെത്തുടര്‍ന്ന് നാല് പേര്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ ഇതേ സംഘത്തിനെതിരെ പരാതി പ്രവാഹമായി. അങ്ങിനെ 4 മണിക്കൂര്‍ കൊണ്ട് മൂന്ന് കേസുകളാണ് കൊച്ചി നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.
സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ചു എന്നായിരുന്നു പിന്നീട് വന്ന പരാതികളെല്ലാം. അവയിലാണ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയില്‍ മാത്രം ആറ് കേസുകളായി. പരാതിക്കാരായ പെണ്‍കുട്ടികളുടെ വിശദ മൊഴികള്‍ ഇന്നലെ പകല്‍ രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അതേസമയം ആദ്യം അറസ്റ്റിലായ പ്രതികളെ നടിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. ഇന്നലെ തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് അടക്കമുള്ള എല്ലാവരും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത് നീണ്ടുപോയതിനാല്‍ തെളിവെടുപ്പ് നടന്നില്ല. ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ഹൈദരാബാദിലുള്ള ഷംന തിരിച്ചെത്തിയ ശേഷമാകാകും തെളിവെടുപ്പെന്നും വിവരമുണ്ട്. അങ്ങിനെയെങ്കില്‍ പരാതിക്കാര്‍ പ്രതികളെ തിരിച്ചറിയുന്നതിനുള്ള സൗകര്യവുമുണ്ടാകും. 

 

 

 

Editors Choice