• 04 Aug 2020
  • 07: 13 PM
Latest News arrow

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കാന്‍ ഗതാഗതവകുപ്പ്; പന്ത്രണ്ട് രൂപയാക്കണമെന്ന് കെഎസ്ആര്‍ടിസിയും

തിരുവനന്തപുരം: ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയേക്കും. ഇക്കാര്യം ഗതാഗത വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി വിലയിരുത്തിയ ശേഷമാണ് ഗതാഗതവകുപ്പ് മുഖ്യമന്ത്രിയ്ക്ക് ഫയല്‍ സമര്‍പ്പിച്ചത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഡീസല്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്. 

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം ബസ് ചാര്‍ജ് 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം. 
കൊവിഡ് കാരണം യാത്രക്കാരുടെ എണ്ണം കുറവാണ്. ഡീസല്‍ വിലയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പത്ത് രൂപയാണ് വര്‍ധിച്ചത്. ബസില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാനാവില്ല. അതുകൊണ്ട് തന്നെ ബസ് സര്‍വ്വീസ് നടത്തുന്നത് നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശം. 

ഈ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയാണെങ്കില്‍ തിങ്കളാഴ്ച മുതല്‍ കൂടിയ ബസ് ചാര്‍ജ് നിലവില്‍ വരും. അതേസമയം മന്ത്രിസഭ ചര്‍ച്ച ചെയ്യട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന ബുധനാഴ്ചയിലേക്ക് നീളും. 

വൈദ്യുതി ബില്ല് അമിതമായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബസ് ചാര്‍ജ് കൂടി കൂട്ടുന്നത്. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടെങ്കിലും ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. തീരുമാനം നീട്ടിക്കൊണ്ട് പോകരുതെന്ന് സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം മിനിമം പത്തല്ല പന്ത്രണ്ടെങ്കിലും ആക്കാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന കിലോമീറ്റര്‍ അഞ്ചില്‍ നിന്ന് രണ്ടരയായി ചുരുക്കണമെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപ പത്ത് പൈസ വീതം കൂട്ടണമെന്നും കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. 

Editors Choice