പുതിയ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരി; ചിത്രത്തിന്റെ പേര് 'എ'

തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. 'എ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദ് ജോസിന്റേതാണെന്ന് സൂചനയുണ്ട്.
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിക്കുകയും ഇതിനെതിരെ ലിജോ രംഗത്ത് വരികയും ചെയ്തിരുന്നു. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍' എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. ഇതിന് പിന്നാലെയാണ് 'എ' എന്ന സിനിമയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
കൊവിഡിനോട് ബന്ധപ്പെട്ടുള്ള ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ സിനിമാ ഷൂട്ടിങ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 50 അംഗ ടീമിനെ ഉള്‍ക്കൊള്ളിച്ച് ഷൂട്ടിങ് നടത്താനാണ് സര്‍ക്കാരിന്റെ അനുമതി. ഇതോടെ പല ചിത്രങ്ങളുടെയും ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. ലാല്‍-ലാല്‍ ജൂനിയര്‍ ചിത്രം സുനാമിയുടെയും ഖാലിദ് റഹ്മാന്-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ടിന്റെ സിനിമയുടെയും ചിത്രീകരണമാണ് തുടങ്ങിയിരിക്കുന്നത്. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടയുടെ തിരക്കഥാകൃത്തായ ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന ചിത്രം ജൂലൈയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'സീ യു സൂണ്‍' എന്ന ചിത്രത്തിന്റെയും ഷൂട്ടിങ് ഉടന്‍ തുടങ്ങും.