• 10 Aug 2020
  • 01: 59 AM
Latest News arrow

പാപ്പുക്കുട്ടി ഭാഗവതര്‍; സംഗീതത്തെ ജീവശ്വാസമാക്കിയ കേരള സൈഗള്‍

'' എനിക്ക് ഇനി സ്‌കൂളില്‍ പോകേണ്ട, സംഗീതം പഠിച്ചാല്‍ മതി.'' രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പപ്പുക്കുട്ടി ഭാഗവതര്‍ അപ്പനോട് പറഞ്ഞു. ചവിട്ടുനാടക കലാകാരനായിരുന്നു പാപ്പുക്കുട്ടി ഭാഗവതരുടെ അപ്പന്‍ മൈക്കിള്‍. മാത്രമല്ല, നല്ല പാട്ടുകാരനും. മകന്റെ വാശിക്ക് മുന്നില്‍ ആ അപ്പന്‍ സന്തോഷത്തോടെ കീഴടങ്ങി. അങ്ങിനെ പാപ്പുക്കുട്ടിയെ അദ്ദേഹം ചെറളായി കൃഷ്ണന്‍കുട്ടി ഭാഗവതരുടെ അടുത്തുകൊണ്ടുപോയി ചേര്‍ത്തു.

ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പതിനഞ്ചാം വയസ്സില്‍ ആദ്യമായി നാടകത്തില്‍ പാടി അഭിനയിച്ചു. ഒരു ക്രിസ്തുമസ് കാലത്തായിരുന്നു അത്. പിജെ ചെറിയാന്റെ 'മിശിഹാ ചരിത്രം' എന്ന ആ നാടകത്തില്‍ പാടി അഭിനയിച്ചതിനാണ് ജീവിതത്തിലെ ആദ്യ പ്രതിഫലം കിട്ടിയത്- അഞ്ച് രൂപ നോട്ട്. പിന്നീട് ക്രിസ്തീയ നാടങ്ങള്‍ക്കൊപ്പം തന്നെ മുഖ്യധാരാ നാടകങ്ങളിലും പാപ്പുക്കുട്ടി അഭിനയിച്ചു. 'സ്‌നാപകയോഹന്നാനില്‍' അദ്ദേഹത്തിന്റേത് നായകവേഷമായിരുന്നു. അത് കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടു.

പാടിയുള്ള അഭിനയത്തിന് പുറമേ, നാടകത്തിന്റെ ഇടവേളകളില്‍ സദസ്യരെ രസിപ്പിക്കാന്‍ കീര്‍ത്തനങ്ങളോ സിനിമാപ്പാട്ടുകളോ ഒക്കെ പാടി. വിശ്രമിക്കാതെ കഥാപാത്രത്തിന്റെ വേഷത്തില്‍ത്തന്നെ പാപ്പുക്കുട്ടി വേദിയില്‍ നിന്ന് പാടുമായിരുന്നു.

കേരള സൈഗാള്‍ എന്ന വിളിപ്പേര് പാപ്പുക്കുട്ടിയ്ക്ക് കിട്ടിയതും അക്കാലത്താണ്. ഒരിക്കല്‍ ഒരു നാടക വേദിയില്‍ ഒരു ഹിന്ദി ഗാനം പാടാനായി സദസ്യര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കുന്ദന്‍ലാല്‍ സൈഗളിന്റെ ആരാധകനായിരുന്ന അദ്ദേഹം സൈഗള്‍-മല്ലിക് സഖ്യത്തിന്റെ 'സോജാ രാജകുമാരി'യാണ് പാടിയത്. അത് സദസ്യര്‍ക്ക് നന്നായി ബോധിച്ചു. തുടര്‍ന്ന് നിരവധി വേദികളില്‍ അദ്ദേഹത്തിന് ആ പാട്ട് പാടേണ്ടി വന്നു. ഓരോ തവണ പാടിക്കഴിയുമ്പോഴും സദസ്യര്‍ 'വണ്‍സ് മോര്‍' എന്ന് വിളിച്ചുകൂവുമായിരുന്നു. അങ്ങിനെയാണ് പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് 'കേരള സൈഗള്‍' എന്ന വിളിപ്പേര് കിട്ടിയത്. അത് ഏത് അവാര്‍ഡിനേക്കാളും വിലയുള്ളതാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

107-ാം വയസ്സുവരെ വൈപ്പിന്‍കരയിലെ തറവാട്ടുവീട്ടില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകളും ആ വീടിനെ ചുറ്റിപ്പറ്റിയാണ്. വൈപ്പിന്‍ കരയില്‍ അന്ന് ഒത്തിരി കലാകാരന്‍മാരുണ്ട്. ക്രിസ്തുമസ് കാലമായാല്‍ അവരെല്ലാവരും ഈ വീട്ടില്‍ ഒരുമിച്ചുകൂടും. അവര്‍ വാദ്യോപകരണങ്ങള്‍ ഒക്കെ കൊണ്ടുവരും. പിന്നെ ആ വീട് ബഹളമയമാകും. അന്ന് പാപ്പുക്കുട്ടി ഭാഗവതര്‍ മകള്‍ സല്‍മയോടൊപ്പം മൈക്ക് ഒക്കെ വെച്ചുകെട്ടി പാടുമായിരുന്നു. അത് കേള്‍ക്കാനായി നാട്ടുകാരെല്ലാം പായയും പേപ്പറുമൊക്കെയായി വരും. രാവ് വെളുക്കുവോളം പാട്ടാണ്. 

എംസി ജോസഫ് എന്നാണ് പാപ്പുക്കുട്ടി ഭാഗവതരുടെ യഥാര്‍ത്ഥ പേര്. നാടകങ്ങളിലും സിനിമകളിലും പാടിയും അഭിനയിച്ചും നാല് തലമുറകളുടെ ആദരം ഏറ്റുവാങ്ങിയ പ്രതിഭയാണ് അദ്ദേഹം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം തന്നെ ക്ഷണിച്ച വേദികളിലെല്ലാം കച്ചേരി അവതരിപ്പിക്കുകയും പാട്ടുപാടുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അദ്ദേഹത്തിന് നൂറ് വയസ്സാകുന്ന വേളയിലാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയിലെ ' എന്റടുക്കല്‍ വന്നടുക്കും പെമ്പിറന്നോരെ' എന്ന ഗാനം പാടുന്നത്. ഈ കാലത്ത് തന്നെ റോഷന്‍ ആന്‍ഡ്രൂസിന്റെ 'മുംബൈ പൊലീസ്' എന്ന ചിത്രത്തില്‍ വേഷമിട്ടു. 

യേശുദാസിന്റെ പിതാവ് അഗസ്റ്റ്യന്‍ ജോസ്ഫിന്റെയും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും സമകാലികനും സുഹൃത്തുമായിരുന്നു ഭാഗവതര്‍. അവര്‍ക്കൊപ്പം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ഭാര്യ ബേബിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതരുടെ ജീവനും ഓജസ്സുമെല്ലാം. ബേബിയുടെ വേര്‍പാട് പാപ്പുക്കുട്ടി ഭാഗവതരെ തളര്‍ത്തിയിരുന്നു. '' എന്റെ ഭാര്യ പോയല്ലോ. ശക്തിയെല്ലാം ചോര്‍ന്ന് പോയെടീ.. ഇനി ഞാന്‍ എന്തിന് ജീവിച്ചിരിക്കണം..'' എന്നായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍ മകളോട് ചോദിച്ചത്. 

 

Editors Choice