ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു.
ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. 1955ല്‍ മലയാളത്തിലെ ആദ്യ റിയലിസ്റ്റ് ചിത്രമായ ന്യൂസ്പേപ്പര്‍ ബോയിലാണ് ഉഷാറാണി ആദ്യമായി ബാലതാരമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം സിനിമകളില്‍ ബാലതാരമായി. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമകളില്‍ സ്വഭാവ വേഷങ്ങളില്‍ നിറഞ്ഞുനിന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ശിവാജി ഗണേശന്, എംജിആര്‍, കമല്ഹാസന്, പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലത്തേയ്ക്ക് അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് മകന് ജനിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. തിരിച്ചുവരവില്‍ അകം, തലസ്ഥാനം, ഏകലവ്യന്, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.
അന്തരിച്ച സംവിധായകന് എന്‍ ശങ്കരനായരാണ് ഭര്‍ത്താവ്. മകന് വിഷ്ണുശങ്കര്‍, മരുമകള്‍ കവിത. സംസ്കാരച്ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ടോടെ ചെന്നൈയില്‍ നടക്കും.