• 04 Aug 2020
  • 06: 53 PM
Latest News arrow

''വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളുന്ന ആ സംഘം ഏതെന്ന് വെളിപ്പെടുത്തണം''; നീരജിനെതിരെ ഫെഫ്ക

വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളുന്ന ഒരു സംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നടന്‍ നീരജ് മാധവിന്റെ പരാമര്‍ശത്തിനെതിരെ ഫെഫ്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീരജ് പ്രസ്താവിച്ച ആ സംഘം ഏതാണെന്ന് വെളിപ്പെടുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെഫ്ക താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. നായികയുടെ ഹെയര്‍ഡ്രസറിന്റെ പുകുതിപോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ട് മാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപിച്ചു.

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ബോളിവുഡിലെ മോശം പ്രവണതയ്‌ക്കെതിരെ തുറന്നടിച്ച നടി കങ്കണ റണൗത്തിന് പിന്നാലെയാണ് മലയാള സിനിമയിലും സമാനപ്രവണതയുണ്ടെന്ന് നടന്‍ നീരജ് മാധവ് ആരോപിക്കുന്നത്. മലയാള സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുമ്പ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നീരജ് മാധവ് പറഞ്ഞിരുന്നു. ഈ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേരടക്കം വെളിപ്പെടുത്താന്‍ നീരജിനോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് താരസംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കിയത്.

നീരജിന്റെ ആരോപണങ്ങള്‍ ഗുരുതരമാണ്. അങ്ങിനെയൊരു സംഘമുണ്ടെങ്കില്‍ അവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കാമെന്നും ഫെഫ്ക കത്തില്‍ പറയുന്നു. നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ട് മാത്രമരാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഈ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമാ സാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം നീരജിനുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ താരസംഘടനയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 

Editors Choice