• 10 Aug 2020
  • 01: 42 AM
Latest News arrow

ഗല്‍വാന്‍ താഴ്‌വരയിലെ രക്തച്ചൊരിച്ചില്‍; ടെന്റ് നീക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പരിണിതഫലം

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത് ഒരു ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട്. ഗല്‍വാന്‍ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം പോയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് സൈനിക വൃത്തങ്ങളെ ഉന്നയിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ ആറിന് ഇന്ത്യയുടെയും ചൈനയുടെയും ലെഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടെന്റ് നീക്കം ചെയ്യാന്‍ ചൈനീസ് സൈന്യം സമ്മതിച്ചിരുന്നു. എന്നാല്‍ അവര്‍ അത് നീക്കം ചെയ്തില്ല. ഇതോടെ ജൂണ്‍ പതിനഞ്ചാം തിയതി ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ചെറിയ പട്രോളിങ് സംഘം ഗാല്‍വാന്‍ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാന്‍ പോയി. ഇത് ചൈനയുടെ സൈനികര്‍ എതിര്‍ത്തു. ഇന്ത്യന്‍ കേണല്‍ ബിഎല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സൈനികര്‍ ആക്രമിച്ചതോടെ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു.

ബാറ്റണുകളും ഇരുമ്പ് വടികളും കൊണ്ട് ഇരുഭാഗത്തെയും പട്ടാളക്കാര്‍ പരസ്പരം ആക്രമിച്ചു. പല സൈനികരും ഗല്‍വാന്‍ നദിയില്‍ വീണു. ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം തുടങ്ങിയത്. ആറ് മണിക്കൂറിലധികം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ രാത്രിയാണ് അവസാനിക്കുന്നത്. ഇരുഭാഗത്ത് നിന്നും വെടിവെയ്പ്പുണ്ടായില്ല എന്ന് ഇന്ത്യന്‍ സൈനികര്‍ അറിയിച്ചിട്ടുണ്ട്. 

17 ഇന്ത്യന്‍ സൈനികര്‍ മരിച്ചത് ഏറ്റുമുട്ടലില്‍ പറ്റിയ പരിക്കുകൊണ്ടും പ്രതികൂല കാലാവസ്ഥ കാരണവുമാണ്. പ്രദേശത്ത് നിലനിന്ന കടുത്ത ശൈത്യവും ഹൈപ്പോതെര്‍മിയയും സൈനികരുടെ നില വഷളാക്കുകയായിരുന്നു. 

ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് സൈനികരോടുള്ള സമീപനം സംബന്ധിച്ച് പ്രോട്ടോക്കോളിലും ചട്ടങ്ങളിലും ഇന്ത്യ മാറ്റം വരുത്തിയേക്കും. വെടിവെയ്ക്കരുതെന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും പുനര്‍വിചിന്തനമുണ്ടാകും. 

Editors Choice