ഐപിഎല്ലിന് വേദിയാകാന്‍ തയ്യാറെന്ന് യുഎഇ; ബിസിസിഐയുടെ തീരുമാനം നിര്‍ണായകം

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13-ാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനന്തമായി നീട്ടിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. കാണികളില്ലാതെ നടത്താനും മത്സരങ്ങളുടെ എണ്ണം ചുരുക്കാനുമൊക്കെ പലയിടങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ബിസിസിഐ അതൊന്നും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്‍ നടക്കാതിരുന്നാല്‍ 4000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ ഏത് വിധേനയും ഐപിഎല്‍ നടത്താനുള്ള ആലോചനയിലാണ് ബിസിസിഐ.
ഈ സാഹചര്യത്തിലാണ് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഒരു ഓഫറുമായി എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് എവിടെയെങ്കിലും ഐപിഎല്‍ നടത്താന്‍ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വേദിയാകാന്‍ താല്‍പ്പര്യമുണ്ടെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്. മുമ്പ് ഒരു തവണ യുഎഇ, ഐപിഎല്ലിന് വേദിയായിട്ടുണ്ട്.
ഐപിഎല്‍ വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബഷീര്‍ ഉസ്മാനി അറിയിച്ചു. ഇക്കാര്യത്തില്‍ ഇനി ബിസിസിഐയുടെ തീരുമാനമാണ് അറിയാനുള്ളത്. നേരത്തെ ശ്രീലങ്കയും ഐപിഎല്ലിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐ അതിനോട് താല്‍പ്പര്യം കാണിച്ചിരുന്നില്ല. ടി20 ഈ വര്‍ഷം നടത്തേണ്ടതില്ലെന്ന് ജൂണ്‍ പത്തിന് ചേരുന്ന ഐസിസിയുടെ വീഡിയോ കോണ്‍ഫറന്‍സ് മീറ്റിങ്ങില്‍ തീരുമാനിച്ചാല്‍ ഐപിഎല്ലിന് വഴി തെളിഞ്ഞേക്കാം.