ഹംസക്കോയ: പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ കാരണവന്‍മാരുടെയും ചുടലപ്പറമ്പിന്റെയും വളര്‍ത്തുമകന്‍

കോഴിക്കോട്: എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഹംസക്കോയ. കേരളം രാജ്യത്തിന് നല്‍കിയ മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാള്‍. സന്തോഷ് ട്രോപിയില്‍ അന്നത്തെ പ്രബലരായ മഹാരാഷ്ട്ര ടീമിന് വേണ്ടി 7 തവണ കളിച്ച് ഗോള്‍ വല കാത്ത മലയാളി. യൂണിയന്‍ ബാങ്ക്, ടാറ്റാസ്, ഒര്‍ക്കെ മില്‍സ് തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി പന്തുതട്ടിയ പരപ്പനങ്ങാടിക്കാരന്‍. രാജ്യം കണ്ട മികച്ച ഈ കളിക്കാരന് പക്ഷേ ഇന്ത്യന്‍ ജഴ്‌സിയണിയാനുള്ള ഭാഗ്യമുണ്ടായില്ല.
കോഴിക്കോട് സര്‍വ്വകലാശാല ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹംസക്കോയ വെസ്‌റ്റേണ്‍ റെയില്‍വേസിലേക്ക് പറിച്ച് നടപ്പെടുന്നത്. തുടര്‍ന്ന് മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കളത്തില്‍ ചിത്രപ്പണികള്‍ നടത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക എന്നതായിരുന്നു ഹംസക്കോയയുടെ ലക്ഷ്യം. ആ സ്വപ്നത്തെ പക്ഷോ കപ്പിനും ചുണ്ടിനുമിടയില്‍ അദ്ദേഹത്തിന് നഷ്ടമായി.
1983ല്‍ സാഫ് ഗെയിംസിന് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ ടൂര്‍ണമെന്റിന് ഇന്ത്യ ടീമിനെ അയക്കാത്തതിനാല്‍ കളിക്കാനായില്ല. പിന്നീട് 1984 ല്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ടീം സെലക്ഷനില്‍ തഴയപ്പെട്ടു. അദ്ദേഹത്തിന് ഗോഡ് ഫാദര്‍മാരില്ലാത്തതായിരുന്നു കാരണം.
എന്നാല്‍ കാലം അദ്ദേഹത്തോട് നീതി കാണിച്ചു. ഹംസക്കോയയുടെ മകനായ ലിഹാസ് കോയ ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് വേണ്ടി ചൈനയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗോള്‍വല കാത്തു. കൊവിഡ് ബാധിച്ച് ഈ ലോകത്തോടും ഫുട്‌ബോളിനോടും വിട പറയുന്ന ഹംസക്കോയ തന്നെ വേരിനോട് എന്നും കൂറ് പുലര്‍ത്തിയിരുന്നു. അദ്ദേഹം പറയുമായിരുന്നു, '' പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ കാരണവന്‍മാരും ചുടലപ്പറമ്പുമാണ് എന്നെ വളര്‍ത്തിയത്'' എന്ന്. കളിയാവേശത്തോടൊപ്പം വിനയവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ ഫുട്‌ബോള്‍ കളിക്കാരന്‍ പുത്തന്‍ തലമുറയ്ക്ക് മാതൃക തന്നെയാണ്.