സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. സന്തോഷ് ട്രോഫി മുന്‍ താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
മഹാരാഷ്ട്രയില്‍ നിന്നും മെയ് 21ന് കുടുംബത്തോടൊപ്പമാണ് ഹംസക്കോയ നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചു. ശേഷം ഇദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ന്യൂമോണിയ ബാധിതനായിരുന്ന ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സയ്ക്കായി നല്‍കിയത്. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.
ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് ചെറുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.