• 04 Jul 2020
  • 05: 20 PM
Latest News arrow

വീട്ടമ്മയെ വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു

കോട്ടയം: വീട്ടമ്മയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഇതോടെ പൊലീസ് കേസന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മോഷണമാണെന്നാണ് സാഹചര്യത്തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത്. വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. 

കുമരകം ഭാഗത്തേയ്ക്കാണ് ഇയാള്‍ പോയതെന്നാണ് കരുതുന്നത്. കാറില്‍ ഒരാള്‍ മാത്രമേയൂള്ളുവെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. കാര്‍ സംസ്ഥാനം വിട്ടുപോകാതിരിക്കാന്‍ ഇന്നലെ തന്നെ ചെക്ക്‌പോസ്റ്റുകളില്‍ വിവരം നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കാറിന്റെ നമ്പറും മെസേജ് ചെയ്തിട്ടുണ്ട്.  

ഇന്നലെ രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. താഴത്തങ്ങാടി പറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിഖിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഖിന്റെ (60)നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ ഇയാളെ ഓപ്പറേഷന് വിധേയമാക്കി. ഇന്‍ക്വസ്റ്റ് ചെയ്ത ഷീബയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ദമ്പതികളുടെ കൈകാലുകള്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് കെട്ടിയിരുന്നു. ഷോക്ക് ഏല്‍പ്പിച്ചിരുന്നോയെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഇന്നലെ തന്നെ വീട്ടില്‍ എത്തിയിരുന്നെങ്കിലും വെളിച്ചക്കുറവ് മൂലം തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിരുന്നില്ല. 

ഇന്ന് രാവിലെ വീണ്ടും പരിശോധന ആരംഭിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയേറ്റാണ് ഷീബ മരിച്ചതെന്ന് വ്യക്തമാണ്. ഇതേ ആയുധം കൊണ്ടാകും സാലിഖിന്റെ തലയ്ക്കും അടിച്ചതെന്ന് കരുതുന്നു. ശക്തമായ ആക്രമണമാണ് നടന്നിട്ടുള്ളത്. ഇരുവരെയും കത്തിക്കാന്‍ പ്ലാനിട്ടിരുന്നതായിട്ടാണ് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടിരുന്നു. വാടക വീട് അന്വേഷിച്ച് എത്തിയവരാണ് വീട്ടില്‍ നിന്ന് ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരോട് വിവരം പറഞ്ഞത്. വീട് പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്നത് സംശയത്തിനടയാക്കി. വീടുമായി ബന്ധമുള്ളവരാകും കൊലപാതകത്തിന് പിറകിലെന്നാണ് കരുതുന്നത്. 

 

Editors Choice