• 04 Jul 2020
  • 04: 42 PM
Latest News arrow

''ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നടപടി''; കേരള പൊലീസ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് അധ്യാപകര്‍ ക്ലാസെടുത്തത്. 

വരും തലമുറയുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആവിഷ്‌കരിച്ച ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. 

അതേസമയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ബെല്ലില്‍ അവതരിപ്പിച്ച വീഡിയോകള്‍ സൈബറിടത്തില്‍ സഭ്യതയുടെ അതിരുകള്‍ കടന്ന് ട്രോള്‍ ചെയ്യുന്നതിനെതിരെ കൈറ്റ് വിക്ടേഴ്‌സ് സിഇഒകെ അന്‍വര്‍ സാദത്ത് രംഗത്തെത്തി. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. 

Editors Choice