• 04 Jul 2020
  • 06: 22 PM
Latest News arrow

ശക്തമായ മഴ: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; നിസര്‍ഗയെ നേരിടാനൊരുങ്ങി കൊങ്കണ്‍, മലബാര്‍ തീരങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. രാവിലെ ഏഴ് മണിയ്ക്കാണ് ആദ്യ ഷട്ടര്‍ ഉയര്‍ത്തിയത്. സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ ഉച്ചയോടെ നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്രഭരണപ്രദേശമായ ദാമനും ഇടയിലായുള്ള തീരം തൊടും. ഇവിടെ ചുഴലിക്കാറ്റ് 125 കി.മീ വേഗതയിലായിരിക്കും ആഞ്ഞടിക്കുക. അതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 

കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചു. തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുംബൈ, താനെ, പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. 

നിസര്‍ഗ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചിട്ടുണ്ട്. ഇന്ന് 11.30 ഓടെയാണ് ചുഴലിക്കാറ്റ് രൂപം കൊള്ളുക. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയിലാകും ചുഴലിക്കാറ്റിന്റെ വേഗം. അര്‍ധരാത്രിയോടെ നിസര്‍ഗ, അതിതീവ്ര ചുഴലിക്കാറ്റായി മാറും. 

കേരളത്തിലും ചുഴലിക്കാറ്റിന്റെ ശക്തമായ സാന്നിധ്യം അനുഭവപ്പെടും. 60 കി. മീ വേഗതയില്‍ കേരളത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. 

Editors Choice