• 04 Oct 2023
  • 05: 33 PM
Latest News arrow

വിമര്‍ശനാതീതം ഈ മോഷണം; കുടുംബത്തെ നാട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് പാര്‍സലായി തിരിച്ചുകൊടുത്തു

ഒരു ചായക്കടക്കാരന്‍. കോയമ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന് എങ്ങിനെയും 300 കിലോമീറ്റര്‍ അകലെയുള്ള തന്റെ നാട്ടിലെത്തണം. കണ്ടെത്തിയ മാര്‍ഗ്ഗമാകട്ടെ ബൈക്ക് മോഷ്ടിക്കുക എന്നതായിരുന്നു. അയാള്‍ അത് ചെയ്തു. വളരെ സുരക്ഷിതമായി കുടുംബത്തോടൊപ്പം അയാള്‍ സ്വന്തം നാട്ടിലെത്തി. 

എന്നാല്‍ അതിന് ശേഷം അയാള്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വീട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ മെയ് 29 ന് ഇതേ ബൈക്ക് ഉടമസ്ഥന്റെ വീട്ടുപടിക്കല്‍ പാര്‍സലായെത്തി. ്അക്കഥ ഇങ്ങിനെ...

സുലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ പറയുന്നതനുസരിച്ച് മെയ് 18 നാണ് പ്രശാന്ത് എന്നയാള്‍ ഭാര്യയെയും തന്റെ രണ്ട് മക്കളെയും കൊണ്ട് തഞ്ചാവൂരിലുള്ള മന്നാര്‍ഗുഡിയിലേക്ക് മോഷ്ടിച്ച ബൈക്കുമായി യാത്ര പുറപ്പെട്ടത്. കോയമ്പത്തൂര്‍ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള സുലൂരിനടുത്തുള്ള കുന്നംപാളയം എന്ന സ്ഥലത്ത് ഒരു ലെയ്ത്ത് ശാല നടത്തുന്ന സുരേഷ് കുമാറിന്റെ ബൈക്ക് പ്രശാന്ത് മോഷ്ടിക്കുകയായിരുന്നു.  

എന്നത്തെയുംപോലെ സുരേഷ് കുമാര്‍ അന്നും തന്റെ ലെയ്ത്തില്‍ പണിയെടുക്കുകയായിരുന്നു. ബൈക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. ഉച്ച കഴിഞ്ഞ് അദ്ദേഹം പുറത്ത് വന്നപ്പോഴാണ് ബൈക്ക് അപ്രത്യക്ഷമായത് കാണുന്നത്. അന്ന് തന്നെ അദ്ദേഹം ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ലോക്ക്ഡൗണ്‍ തിരക്ക് കാരണം പൊലീസുകാര്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. 

മെയ് 21 ന് ലോക്ക്ഡൗണ്‍ അവസാനിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സുരേഷ് കുമാര്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സിസിടിവി പരിശോധിക്കാന്‍ ചെന്നു. കള്ളനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോയെന്ന് അറിയാനായിരുന്നു അത്. ഷര്‍ട്ടും പാന്റും ധരിച്ച ചെരുപ്പിടാത്ത ഒരാള്‍ തന്റെ ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് കുമാര്‍ കണ്ടു. 

അത് പ്രശാന്താണെന്ന് സമീപവാസികള്‍ ആരോ തിരിച്ചറിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവിടെ രണ്ട് ചായക്കടകള്‍ നടത്തുന്ന വ്യക്തിയായിരുന്നു പ്രശാന്ത്. ആ ഗ്രാമത്തില്‍ പ്രശാന്ത് താമസിച്ചിരുന്ന വീട്ടില്‍ സുരേഷ് കുമാറും സുഹൃത്തുക്കളും ചെന്നു. എന്നാല്‍ അദ്ദേഹം കുടുംബത്തെയും കൂട്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് അവിടെ നിന്ന് സുരേഷ് കുമാറിന് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് പ്രശാന്തുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുരേഷ് പരമാവധി ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. സുലൂരില്‍ നിന്നും മന്നാര്‍ഗുഡിയ്ക്ക് 300 കിലോമീറ്റര്‍ ഉണ്ട്. 

അങ്ങിനെയിരിക്കെ മെയ് 29-ാം തിയതി ഉച്ചകഴിഞ്ഞ് അടുത്തുള്ള പാര്‍സല്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും കുമാറിന് ഒരു കോള്‍ വന്നു. അവിടെ ചെന്നപ്പോള്‍ സുരേഷ് കുമാര്‍ ഞെട്ടിപ്പോയി. തന്റെ ബൈക്ക് ആര്‍സി ബുക്ക് അടക്കം പാര്‍സലായി തിരിച്ചെത്തിയിരിക്കുന്നു. 1400 രൂപ പാര്‍സല്‍ സര്‍വ്വീസുകാര്‍ക്ക് കൊടുത്ത് സുരേഷ് തന്റെ ബൈക്ക് വീണ്ടും സ്വന്തമാക്കി.

എന്തായാലും കേസുമായി മുന്നോട്ടുപോകാനില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പൊലീസുകാര്‍ തന്റെ ബൈക്ക് തൊണ്ടിമുതലായി എടുത്തുകൊണ്ടുപോകുമോയെന്നാണ് സുരേഷ് കുമാറിന്റെ ഭയം.