സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ വിരമിക്കല്‍ ദിനം ഇങ്ങിനെ; ഓഫീസ് മുറിയില്‍ പായയില്‍ ഉറങ്ങിയെഴുന്നേറ്റ് ജേക്കബ് തോമസ്

വിരമിക്കല്‍ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞ് ജേക്കബ് തോമസ് ഐപിഎസ്. മെയ് 31 വരെയാണ് ജേക്കബ് തോമസിന്റെ സര്‍വ്വീസ് കാലാവധി. എന്നാല്‍ വിരമിക്കുന്ന ദിവസമായ ഇന്ന് ഞായറാഴ്ചയായതിനാല്‍ ഒപ്പം വിരമിക്കുന്നവരെല്ലാവരും ഇന്നലെ തന്നെ യാത്ര അയപ്പും വാങ്ങി പോയി. എന്നാല്‍ ജേക്കബ് തോമസ് യാത്ര അയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തില്ല. കാരണം ഇന്നും കൂടി ജോലി ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇതിന് വേണ്ടി അദ്ദേഹം ഇന്നലെ കിടന്നുറങ്ങിയത് സൗകര്യങ്ങള്‍ കുറഞ്ഞ തന്റെ ഓഫീസ് മുറിയിലാണ്. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ വിഷയം ചര്‍ച്ചയായി.
സംസ്ഥാന മുഖ്യന്റെ പ്രതികാര വാഞ്ജയ്ക്ക് ഇരയായ ഐപിഎസ് ഓഫീസറാണ് ജേക്കബ് തോമസ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം അഴിമതിയ്ക്കെതിരെ ശക്തമായി രംഗത്തുവന്നതോടെ സര്‍ക്കാരിന് അനഭിമതനായി. തുടര്‍ന്ന് അദ്ദേഹത്തിന് അപമാനകാലമായിരുന്നു. സസ്പെഷന്, ശമ്പളമില്ലാത്ത അവസ്ഥ, കാറും ജീവനക്കാരും ഓഫീസുമൊന്നുമില്ല. കടലാസ് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥ. എല്ലാത്തിനുമൊടുവില്‍ നിയമ പോരാട്ടത്തില്‍ ജയിച്ചുവന്ന ജേക്കബ് തോമസിനെ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഇവിടെ ശമ്പളവും ഇരിക്കാന്‍ ഒരു ഓഫീസും മാത്രമായിരുന്നു ജേക്കബ് തോമസിന് ലഭിച്ചത്. ഒരു ഐപിഎസുകാരന് കേരളത്തില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ജേക്കബ് തോമസിന് ഷൊര്ണൂരിലില്ലായിരുന്നു.
ഇത് കൃത്യമായി വെളിപ്പെടുത്തുന്ന ചിത്രമാണ് അദ്ദേഹം ഇന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഓഫീസില്‍ പോകാന്‍ കാറില്ല, ഓഫീസ് മുറിയില്‍ ലാന്‍ഡ് ഫോണില്ല, മേശയും കസേരയുമുണ്ട്. പ്യൂണില്ല, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റില്ല, റിസപ്ഷനിസ്റ്റില്ല. ആര്‍ക്കും ഏത് സമയത്തും കേരളത്തിലെ മുതിര് ഈ ഡിജിപിയ്ക്ക് അടുത്തേയ്ക്ക് കയറിച്ചെല്ലാം.
മെറ്റല്‍ ഇന്‍സ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലന്‍സ് മേധാവിയുടേതിന് തുല്യമാക്കിയതിന് ശേഷമാണ് ജേക്കബ് തോമസിനെ അവിടെ നിയമിച്ചത്. അദ്ദേഹം കൃത്യസമയത്ത് ഓഫീസില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനമൊരുക്കി. ജേക്കബ് തോമസ് ഓഫീസില്‍ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തി സര്‍വ്വീസ് ബുക്കില്‍ കളങ്കം സൃഷ്ടിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അദ്ദേഹം കരുതലോടെ പ്രവര്‍ത്തിച്ച് മറികടന്നു.