• 22 Sep 2020
  • 12: 26 PM
Latest News arrow

ബെവ് ക്യൂ ആപ്പ് 'ചത്തു'; ഇനിയെന്ത് എന്ന് ആലോചിക്കാന്‍ ഉന്നതതല യോഗം

തിരുവനന്തപുരം: മദ്യം നല്‍കുന്നതിനുള്ള ടോക്കണ്‍ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ ബെവ് ക്യൂ ആപ്പ്  തുടര്‍ച്ചയായ രണ്ടാം ദിവസവും തകരാറിലായതോടെ ആപ്പ് ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആപ്പ് സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ ബാറുകള്‍ മദ്യം വിതരണം ചെയ്തു. 

ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് മുതല്‍ കൃത്യമായി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡിന്റെ ഇന്നലെത്തെ വിശദീകരണം. പക്ഷേ, ഇപ്പോള്‍ ആപ്പ് ആര്‍ക്കും ലഭ്യമാകുന്നില്ല. ബുക്കിങ്ങും തകരാറിലായി. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്ത് ഫെയര്‍കോഡ് അധികൃതര്‍ ഒരു വിശദീകരണവും നല്‍കാതെ മുങ്ങി.

ആപ്പിന്റെ പ്രവര്‍ത്തനം നിലച്ച് മദ്യവില്‍പ്പന അനിശ്ചിതത്വത്തിലായതോടെയാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത്. ആപ്പും എസ്എംഎസ് നല്‍കേണ്ട മൊബൈല്‍ സേവന ദാതാക്കളും തമ്മിലെ ലിങ്കില്‍ പ്രശ്‌നമുണ്ടെന്നാണ് ഫെയര്‍കോഡ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്‌നം തീര്‍ക്കാന്‍ കമ്പനിയ്ക്ക് ഇനിയും സമയം നല്‍കണമോയെന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആപ്പ് ഒഴിവാക്കി നേരിട്ടുള്ള വില്‍പ്പനയെന്ന രീതിയെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ട്. 

സംസ്ഥാനത്ത് 300 ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനശാലകള്‍ കൂടാതെ 700 ഓളം ബാറുകളും വൈന്‍ പാര്‍ലറുകളും മദ്യവിതരണത്തിന് തയ്യാറായ സ്ഥിതിയ്ക്ക് മദ്യം വാങ്ങാന്‍ എവിടെയും തിരക്കുണ്ടാവില്ലെന്നും അതിനാല്‍ ആപ്പ് ഒഴിവാക്കണമെന്നുമാണ് ബാറുടമകളുടെ ആവശ്യം.