• 27 May 2020
  • 02: 58 AM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവരും പുറത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതില്‍ 14 പേര്‍ വിദേശത്ത് നിന്നും പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ച് പേരുടെയും കോട്ടയം എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 117 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി. 

പുറത്ത് നിന്നും സംസ്ഥാനത്തേയ്ക്ക് ആകെ 78,096 പേരാണ് ഇതുവരെ എത്തിയത്. എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും 332 ചെക്ക് പോസ്റ്റുകള്‍ വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും സംസ്ഥാനത്തെത്തി. 

വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലുണ്ട്. 153 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതിയതായി മൂന്ന് പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. അതേസമയം എട്ട് പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്. 

 

Editors Choice