• 30 Nov 2020
  • 12: 40 PM
Latest News arrow

''എന്നെക്കൊണ്ട് എന്തൊക്കെയോ കെട്ടിയാടിക്കുകയായിരുന്നു....'' അറുപതിന്റ തീരത്ത് ജീവിതത്തിന്റെ ഉദയാസ്തമയങ്ങളെക്കുറിച്ച് മോഹന്‍ലാല്‍

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചലച്ചിത്രാഭിനയത്തിന്റെ ഉന്നതിയില്‍ ഒരു തമ്പുരാനെപ്പോലെ കസേരയിട്ട് ചാരിക്കിടക്കുന്ന മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമാ ലൊക്കേഷനുകളില്‍ ജീവിച്ചയാളാണ് ഈ അഭിനയ കുലപതി. നിരന്തരമായ കൂടുവിട്ട് കൂടുമാറ്റങ്ങള്‍ക്കൊണ്ട് അതിവേഗത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ആ ജീവിതത്തിന് കൊവിഡ് ഒരു വിശ്രമം നല്‍കി. ഇപ്പോള്‍ ചെന്നൈയിലെ കടലോര വസതിയില്‍ കുടുംബത്തോടൊപ്പം ഉദയാസ്തമയങ്ങള്‍ കണ്ടിരിക്കുന്നതിനിടെയിലാണ് അറുപതാം പിറന്നാള്‍ ലാലിനെത്തേടിയെത്തുന്നത്. 

മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും ആലോചിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്തെല്ലാം സ്വപ്‌നം കണ്ടു, എത്രയെത്ര പദ്ധതികള്‍ക്ക് രൂപം കൊടുത്തു. എന്നാല്‍ അതൊക്കെയും നടപ്പിലാക്കാന്‍ കഴിയാതെ നമ്മളിപ്പോള്‍ വീട്ടിലിരിക്കുകയാണ്. രണ്ട് മാസം കഴിഞ്ഞു ഓരോരുത്തരും പുറത്തിറങ്ങിയിട്ട്. താനും കുടുംബവും ഇപ്പോള്‍ ജപ്പാനില്‍ ഇരിക്കേണ്ടവരാണ്. അവിടെയൊരു വെക്കേഷന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതാണ് അവസ്ഥ. അതുകൊണ്ട് ഇപ്പോള്‍ തുടര്‍ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ആലോചിച്ചിട്ട് കാര്യവുമില്ല. കാലം വഴിനടത്തട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു.

അഭിനയമല്ലാതെ മറ്റൊരു ജീവിതത്തെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കുന്നില്ല. വേറെ കാര്യങ്ങളെക്കുറിച്ചൊക്കെ പരിമിതമായ അറിവേയുള്ളൂ. ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ ഉള്ളടക്കത്തിലും രൂപത്തിലുമൊക്കെ മാറ്റങ്ങള്‍ വരാം. അത് തീര്‍ച്ചയായും ആസ്വദിക്കും. അതിന് വേണ്ടി ആരോഗ്യത്തോടെയിരിക്കുക എന്നത് മാത്രമാണ് പ്രാര്‍ത്ഥന.

സിനിമ ഒരു അത്ഭുത ലോകമാണ്. ഇവിടെ ഇത്രയും കാലം ഇങ്ങിനെയൊക്കെ നില്‍ക്കാന്‍ സാധിച്ചുവെന്നാണ് ചാരിതാര്‍ത്ഥ്യം. നിങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തീര്‍ന്നു. ആളുകള്‍ക്ക് ആസ്വാദ്യകരമാവുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വ്യത്യസ്ത രുചികളുള്ള ആളുകളായിരിക്കും ഒരു തിയേറ്ററില്‍ ഒരേ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. ഇവരെയെല്ലാവരെയും തൃപ്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളില്ല. ഇത്രയും കാലം ഒരു പരിധി വരെ അതിന് സാധിച്ചു. അത് തന്നെ വലിയ കാര്യം.

എന്നെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തലുകളൊന്നും ശരിയാവണമെന്നില്ല. എനിക്കറിയാത്ത ഏതോ ഒരു ശക്തി എന്നെ വഴി നടത്തുകയായിരുന്നു. എന്നെക്കൊണ്ട് എന്തൊക്കെയോ കെട്ടിയാടിക്കുകയായിരുന്നു. കലാപരമായ ഒരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ ജനിച്ച എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇത്രയെങ്കിലും ചെയ്യാനായതിന് ഒരു വിശദീകരണം വേണമെങ്കില്‍ അതിനെ ദൈവമെന്നോ ഗുരുത്വമെന്നോ വിളിക്കാം.

മോഹന്‍ലാല്‍ എന്ന നടന്‍ വലിയ എഴുത്തുകാരുടെയും സംവിധായകരുടെയും നിര്‍മ്മിതി തന്നെയാണ്. അത്തരം പ്രതിഭകളുടെ വസന്തകാലത്ത് നടനടനായി വന്നുപെടാന്‍ സാധിച്ചു. ഇനിയും അത് അങ്ങിനെ തന്നെയാകും. നടന്‍ ഒരു മാധ്യമമാണ്, കളിമണ്ണാണ്. സ്രഷ്ടാക്കള്‍ എഴുത്തുകാരും സംവിധായകരുമാണ്. അതേസമയം, കാലത്തിനും പ്രായത്തിനും അനുസരിച്ച് അവര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചതുകൊണ്ട് മാത്രമായില്ല. അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടണം, അവര്‍ സ്വീകരിക്കണം. അതുകൊണ്ട് സിനിമയെന്നത് ഒരു വിസ്മയ ലോകമാണെന്ന് ഞാന്‍ പറഞ്ഞത്. രണ്ടും രണ്ടും കൂട്ടിയാല്‍ ഇവിടെ നാലാവുമെന്ന് ഒരുറപ്പുമില്ല. എത്രയോ ജാഗ്രതയോടെ ചെയ്ത സിനിമകള്‍ സ്വീകരിക്കപ്പെടാതെ പോയി. ചില സിനിമകള്‍ ഇറങ്ങുന്ന സമയത്ത് സ്വീകരിക്കപ്പെടില്ല, പിന്നീട് അവയ്ക്ക് വലിയ കാഴ്ചക്കാരുണ്ടാകും. ഇതിനൊക്കെ ഒരു വിശദീകരണം നല്‍കാന്‍ സാധിക്കില്ല.

അഭിനയ ജീവിതത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മനുഷ്യന്റെ പല മാനസിക അവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്. അതൊരു വലിയ പരിശീലനമായിരുന്നു. മനസ്സിനെ യൗവനയുക്തമാക്കി നിര്‍ത്താന്‍ അത് എന്നെ സഹായിച്ചേക്കും. 

രാഷ്ട്രീയത്തെക്കുറിച്ച് ശരാശരിയില്‍ കുറഞ്ഞ ധാരണയേ എനിക്കുള്ളൂ. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഏറെ ഗൗരവപൂര്‍ണമായ, വലിയ ഉത്തരവാദിത്വമുള്ള ഒരു സമര്‍പ്പണമാണ്. അതൊരു പാര്‍ട്ട് ടൈം ജോലിയല്ല. അറുപത് കഴിഞ്ഞാല്‍ ചെന്ന് ചേരേണ്ട അഭയ സ്ഥാനവുമല്ല എനിക്ക്. രാഷ്ട്രീയം എന്റെ കപ്പ് ഓഫ് ടീ അല്ല.

ഇത്രയും കാലം ജീവിച്ചു എന്നത് തന്നെ ഒരു അത്ഭുതമാണ്. എത്രയോ അപകടഘട്ടങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇങ്ങിനെയൊക്കെയായി എന്നത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. 

 

 

 

കടപ്പാട്: മാതൃഭൂമി