• 27 May 2020
  • 02: 57 AM
Latest News arrow

തെറ്റിദ്ധാരണ ഉണ്ടായി, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് തന്നെ; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായെന്നും അതുകൊണ്ടാണ് രാവിലെ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതും പിന്നീട് തീരുമാനം മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സമയത്ത് ഇത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി തകര്‍ക്കത്തിന് പോകാനില്ല. അതേസമയം ചില കാര്യങ്ങളില്‍ തകര്‍ക്കം വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ തന്നെ നടത്തും. വൈകിയാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനും ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. എന്തെല്ലാം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ പറ്റുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. ഈ ഘട്ടത്തിലാണ് പരീക്ഷ വരുന്നത്. അപ്പോള്‍ അവര്‍ അതെടുത്ത് ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ. 

പരീക്ഷ അതിന്റെ കാലത്ത് തന്നെ നടക്കണം. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ അതിന്റേതായ സമയത്ത് നടത്തിക്കൊണ്ട് പോവുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള ക്രമീകരണം ഉണ്ടാകേണ്ടതുണ്ട്. പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണവും ഒരുങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകളും കൃത്യമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്‌കൂളുകളില്‍ വെച്ച് നല്‍കാനാവില്ല. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നത് ആലോചനയിലാണ്. ഓണ്‍ലൈന്‍ പഠനം നല്ല രീതിയില്‍ വിജയിപ്പിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Editors Choice