• 27 May 2020
  • 02: 24 AM
Latest News arrow

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; ജൂണ്‍ ആദ്യവാരം നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ജൂണ്‍ ആദ്യവാരത്തിലേക്ക് മാറ്റിവെച്ചു. നേരത്തെ മെയ് 26ന് പരീക്ഷകള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാമെന്ന് തീരുമാനിച്ചത്.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം മാര്‍ഗനിര്‍ദേശം പുറത്തിറക്കുമന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വന്നതിന് ശേഷം പുതിയ തിയതി തീരുമാനിക്കും. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. എന്നാല്‍ നാലാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് മെയ് 26ന് തന്നെ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ പുറത്ത് നിന്ന് എത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കം മൂലം കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. 

എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുക്കാതെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പെടുന്നനെ തീരുമാനിച്ചത്. 

 

Editors Choice