• 27 May 2020
  • 02: 52 AM
Latest News arrow

ജൂണ്‍ 1 മുതല്‍ രാജ്യത്ത് 200 തീവണ്ടി സര്‍വ്വീസുകള്‍ കൂടി; ശ്രമിക് തീവണ്ടികളുടെ എണ്ണം 400 ആക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നാം തിയതി മുതല്‍ ശീതികരിച്ച കോച്ചുകളില്ലാത്ത 200 തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രാലയം. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ഏര്‍പ്പാടാക്കിയ ശ്രമിക് തീവണ്ടികള്‍ക്ക് പുറമേയാണിത്. 

ശ്രമിക് തീവണ്ടികളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഒരു ദിവസം 400 തീവണ്ടികള്‍ എന്ന കണക്കിന് ശ്രമിക് തീവണ്ടികളുടെ എണ്ണം ഉയര്‍ത്തുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ഇതനുസരിച്ചാണെങ്കില്‍ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് 600 ട്രെയിനുകളാകും ഒരു ദിവസം ഓടുക. അങ്ങിനെ വന്നാല്‍ ദിവസവും ആറ് ലക്ഷം യാത്രക്കാര്‍ക്ക് തീവണ്ടികളില്‍ യാത്ര ചെയ്യാന്‍ കഴിയും. ചൊവ്വാഴ്ച ഉച്ചവരെ 21.5 ലക്ഷം തൊഴിലാളികളെ 1600 ശ്രമിക് തീവണ്ടികളിലായി സ്വന്തം നാട്ടിലെത്തിച്ചിട്ടുണ്ട്. 

ഈ തീവണ്ടികളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. ആര്‍ക്ക് വേണമെങ്കിലും യാത്ര ചെയ്യാമെന്നിരിക്കിലും കുടിയേറ്റ തൊഴിലാളികളെ ഉദ്ദേശിച്ചാണ് പ്രധാനമായും 200 തീവണ്ടി സര്‍വ്വീസുകള്‍ തുടങ്ങുന്നത്. 

Editors Choice