• 25 May 2020
  • 06: 56 PM
Latest News arrow

സര്‍ക്കാര്‍ കരഞ്ഞത് സര്‍ക്കാര്‍ ജീവനക്കാരെ പാലൂട്ടാനോ? കടമെടുപ്പ് പരിധി വര്‍ധിപ്പിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

നിത്യച്ചെലവുകള്‍ക്കായി കടമെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. പക്ഷേ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കണമെങ്കില്‍ വേറെ വഴിയില്ലല്ലോ. സര്‍ക്കാര്‍ ജീവനക്കാരെന്ന ഒരു വിഭാഗം ജനവിഭാഗത്തെ തീറ്റിപ്പോറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. അതിനായി ജനങ്ങളില്‍ നിന്നും നികുതി പിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിന് പ്രതീക്ഷിച്ച അത്ര നികുതി വരുമാനം കിട്ടിയില്ല. പിന്നെ കടമെടുത്ത് സര്‍ക്കാര്‍ ജീവനക്കാരെ പരിപാലിച്ചു. ഈ വര്‍ഷം നികുതിക്കുടിശികയടക്കം പിരിച്ചെടുത്ത് നികുതി വരുമാനത്തില്‍ 30 ശതമാനം വര്‍ധനയുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കേരള സര്‍ക്കാര്‍. പക്ഷേ, കൊവിഡ് എല്ലാം താറുമാറാക്കി. 

ലോക്ക്ഡൗണ്‍ കാരണം വരുമാനത്തില്‍ 35,000 കോടിയുടെ കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടില്‍. ശമ്പളവും പെന്‍ഷനും കിട്ടാതെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങിനെ ജീവിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. അവരുടെ ചെലവുകള്‍ക്ക് വേണ്ട പണം എങ്ങിനെയും കണ്ടെത്തണം. അതിനായി കടമെടുത്താലും യാതൊരു കുഴപ്പവുമില്ല. 

കഴിഞ്ഞ രണ്ട് വര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടിഎം തോമസ് ഐസക്കും സ്ഥിരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത് കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്നായിരുന്നു. കേന്ദ്രവും സംസ്ഥാനവും പാസാക്കിയിട്ടുള്ള ധന ഉത്തരവാദിത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഇത്ര ശതമാനം എന്ന് അതത് സംസ്ഥാനത്തിന് നിശ്ചയിച്ച തുകയേ, ആ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയൂ. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനം വരുന്ന തുക എത്രയോ അത്രമാത്രമാണ് കേരളത്തിന് കടമെടുക്കാന്‍ പറ്റൂ. ഇത് 4.5 ശതമാനമാക്കണമെന്നായിരുന്നു നമ്മുടെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേരളത്തോട് രണ്ട് വര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

എന്തായാലും കൊവിഡ് വന്നതോടെ കേന്ദ്രത്തിന് മറ്റ് മാര്‍ഗമില്ലാതായി. കരയുന്ന കുട്ടിയ്‌ക്കേ പാലുള്ളൂ എന്ന് പറയുന്നതുപോലെ കേന്ദ്രം കേരളത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. 4.5 ശതമാനം എന്നതിന് പകരം 5 ശതമാനമാക്കി വായ്പ്പാ പരിധി ഉയര്‍ത്തി. 

കേരളത്തിന് ഈ വര്‍ഷം 27,130 കോടി രൂപ കടമെടുക്കാമെന്നാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ 8930 കോടി രൂപ കേരളം കടമെടുത്ത് കഴിഞ്ഞു. ഇനി 18,200 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ പറ്റുമായിരുന്നത്. പുതുക്കിയ പരിധിയനുസരിച്ച് 18,087 കോടി രൂപ കൂടി കേരളത്തിന് വായ്പയെടുക്കാന്‍ കഴിയും. അങ്ങിനെ വരുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഇനി 36,287 കോടി രൂപ കൂടി കേരളത്തിന് കടമെടുക്കാന്‍ കഴിയും.

പക്ഷേ, ഇത്രയും വലിയ തുക കേരളം എന്തിന് ഉപയോഗിക്കുന്നുവെന്നതാണ് പൊതുജനത്തിന് അറിയേണ്ടത്. കാരണം സംസ്ഥാന സര്‍ക്കാര്‍ എത്ര കടമെടുത്താലും അതിന്റെ 90 ശതമാനവും ചെലവഴിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും ദൈനംദിന ചെലവുകള്‍ നടത്താനുമാണ്. പിന്നെ മുമ്പെടുത്ത വായ്പകളുടെ തിരിച്ചടവിനും ഉപയോഗിക്കുന്നു. ഇതോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണമില്ലാത്ത അവസ്ഥയാണ് സര്‍ക്കാരിന്. വികസനപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ എടുത്ത കടമൊക്കെ തിരിച്ചടയ്ക്കാന്‍ സര്‍ക്കാരിനെക്കൊണ്ടാവില്ല. അപ്പോള്‍ എന്താണ് വഴി? കടമെടുത്ത് കടമടയ്ക്കുക...!

 

Editors Choice