• 27 May 2020
  • 01: 21 AM
Latest News arrow

''നിങ്ങളുടെ സൈക്കിള്‍ ഞാന്‍ എടുക്കുന്നു. എന്നോട് ക്ഷമിക്കണം. വീട്ടിലെത്താന്‍ വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്.''; ഒരു കുടിയേറ്റ തൊഴിലാളിയുടെ കുറിപ്പ്

''നിങ്ങള്‍ അന്വേഷിക്കുന്ന കുറ്റവാളിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ ഒരു തൊഴിലാളിയും നിസ്സഹായനുമാണ്. നിങ്ങളുടെ സൈക്കിള്‍  ഞാന്‍ എടുക്കുന്നു. എന്നോട് ക്ഷമിക്കണം. വീട്ടിലെത്താന്‍ വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്.  ഭിന്ന ശേഷിയുള്ള കുട്ടിയും എന്നോടൊപ്പമുണ്ട്.  ഞങ്ങള്‍ ബറേലിയിലേക്ക് പോകുന്നു. എന്ന്... മുഹമ്മദ് ഇക്ബാല്‍.'' ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റു വീടിന്റെ വരാന്ത അടിച്ചു വാരുമ്പോഴാണ് സാഹബ് സിങ് ഈ കത്ത് കണ്ടത്. ഉടനെ അദ്ദേഹം തന്റെ സൈക്കിള്‍ വെച്ചിരുന്ന സ്ഥലത്തേക്ക് നോക്കി. അത് അവിടെ ഉണ്ടായിരുന്നില്ല.

രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള ഭരത്പുര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് റാറ. ഇവിടെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടിയെത്തിയവരില്‍ ഒരാളാണ് മുഹമ്മദ് ഇക്ബാലും. രാജ്യം ലോക്ക് ഡൗണിലായതോടെ ഇക്ബാലിനും മറ്റുള്ളവരെപോലെ പണിയും പണവുമില്ലാതെയായി. ഭിന്ന ശേഷിയുള്ള തന്റെ കുട്ടിയേയും കൊണ്ട് തുടര്‍ന്നും അവിടെ കഴിയാന്‍ സാധിക്കില്ലെന്ന് ഇക്ബാലും തിരിച്ചറിയുകയായിരുന്നു.  ചരക്കുമായി പോവുകയായിരുന്ന ട്രക്കുകളില്‍ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ക്കൊപ്പം കയറുവാന്‍ ഇക്ബാലും ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. നാട്ടിലേക്ക് കൂടിയേറ്റ തൊഴിലാളികളുമായി പോയ വാഹനങ്ങള്‍ പലതും അപകടത്തില്‍ പെടുകയും നിരവധിപ്പേര്‍ മരിക്കുകയും ചെയ്ത വാര്‍ത്ത ഒരു പക്ഷേ ഇക്ബാലിനെയും ഭയപ്പെടുത്തിക്കാണും. 

സാഹബ് സിങ്ങിന്റെ സൈക്കിള്‍ മോഷ്ടിക്കണം എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യം ആയിരുന്നില്ല.  ഭിന്ന ശേഷിയുള്ള കുട്ടിയുടെ ക്ഷീണിച്ച മുഖം ഇക്ബാലിനെ അതിന് പ്രേരിപ്പിക്കുകയായിരുന്നു.  തിങ്കളാഴ്ച്ച രാത്രിയില്‍ ഇക്ബാലും 250 കിലോമീറ്റര്‍ അകലെയുള്ള  തന്റെ വീട്ടിലേക്ക് മടങ്ങി.  കുട്ടിയെ പിറകില്‍ ഇരുത്തി സാഹബ് സിങ്ങിന്റെ സൈക്കിളില്‍ വീട്ടിലേക്കു പായുമ്പോള്‍ കുറ്റ ബോധത്തേക്കാള്‍ ആശ്വാസവും പ്രതീക്ഷയുമായിരിക്കും അദ്ദേഹത്തെ ഭരിച്ചിട്ടുണ്ടാവുക. 

Editors Choice