''വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയേറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ല''; കടുത്ത തീരുമാനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്

നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന് ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. സിനിമ വ്യവസായം ഒന്നടങ്കം വലിയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ ചെയ്യുന്നത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
''കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിട്ടിട്ട് 67-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ തിയേറ്ററില്‍ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൊടുക്കുന്നു എന്ന് പറയുന്നതില്‍ ന്യായമുണ്ട്. പക്ഷേ ഇന്ന് സിനിമാ വ്യവസായം മുഴുവന്‍... അതില്‍ തിയേറ്റര്‍ ഉടമകള്‍ മാത്രമല്ല, ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്, മറ്റ് തൊഴിലാളികള്‍ ഉണ്ട്. ഇവരെല്ലാം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റപ്പെട്ട ഒന്നോ രണ്ടോ വ്യക്തികള്‍ ഒരു സിനിമ വേറെ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്.
അതിലൊരു വ്യക്തി മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത നിര്‍മ്മാതാവാണ്. തിയേറ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടിച്ച് കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവാണ്. അങ്ങിനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല, അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടും.
ഓണം ഒക്കെ വരുമ്പോഴേക്കും ഈ പ്രശ്നങ്ങള്‍ എല്ലാം മാറി തിയേറ്റര്‍ റിലീസുകള്‍ സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല. ഒരു പുതുമുഖ നിര്‍മ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത് എങ്കില്‍ അത് മനസ്സിലാക്കാനാവും. സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന്. പക്ഷേ, ഇത് ഇത്ര വലിയ ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവും നടനുമാണ്.
സിനിമ തിയേറ്ററില്‍ കളിച്ചാലേ, ആയാള്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്.