''ഇഷ്ടമുള്ള കാലമത്രെയും വീട്ടില്‍ ഇരുന്ന് ജോലി ചെയ്തുകൊള്ളൂ...'' തന്റെ ജീവനക്കാരോട് ട്വിറ്റര്‍ സിഇഒ

കൊവിഡ്-19 മഹാമാരി ഇല്ലാതായിക്കഴിഞ്ഞാലും താല്‍പ്പര്യമുള്ളവര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ ജോലി തുടരാമെന്ന് തന്റെ ജീവനക്കാരോട് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. ഈ വര്‍ഷം അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാന്‍ ജീവനക്കാരോട് ഫെയ്സ്ബുക്കും ആല്‍ഫബെറ്റും (ഗൂഗിള്‍) നിര്‍ദേശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ വാഗ്ദാനവും വരുന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജാക്ക് ഡോര്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അകലെയിരുന്നും ചെയ്യാവുന്ന ജോലികള്‍ക്ക് മാത്രമാണ് ഈ വാഗ്ദാനം ബാധകമാവുക. അറ്റകുറ്റപ്പണികള്‍ പോലുള്ളവ ചെയ്യുന്നവര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതുണ്ട്.
ഇത്തരത്തില്‍ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ കമ്പനിയാണ് ട്വിറ്റര്‍. ഏകദേശം 5000 ജീവനക്കാരോട് നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടതും ട്വിറ്ററായിരുന്നു. സെപ്തംബറോടെ ട്വിറ്റര്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കുമെന്നാണ് അറിയുന്നത്. ഗൂഗിളും ഫെയ്സ്ബുക്കും തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരെയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ജൂലൈ വരെയാണ് ഇരു കമ്പനികളും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.