• 27 May 2020
  • 02: 36 AM
Latest News arrow

600 ആമസോണ്‍ ജോലിക്കാര്‍ക്ക് കൊവിഡ്; 6 പേര്‍ മരിച്ചു; നിഷ്‌ക്രിയത്വം തുടര്‍ന്ന് കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: ഏകദേശം 600 ഓളം ആമസോണ്‍ ജോലിക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയിലെ ഒരു ജോലിക്കാരി സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയതാണ് ഇത്. ഇവരില്‍ 6 പേര്‍ മരിച്ചതായും ജന ജംപ് എന്ന ജോലിക്കാരി പറഞ്ഞു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ഹൗസിലാണ് 59 വയസ്സുള്ള ഇവര്‍ ജോലി ചെയ്യുന്നത്. 

''യഥാര്‍ത്ഥ കണക്ക് ഇതിലും കൂടും. പക്ഷേ, കുറഞ്ഞത് 600 പേര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 6 പേര്‍ മരിക്കുകയും ചെയ്തു.'' ജന പറഞ്ഞു. അതേസമയം നാല് തൊഴിലാളികളേ മരിച്ചിട്ടുള്ളൂവെന്നാണ് കമ്പനി പറയുന്നത്. 

''വാഷിങ്ടണില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കൊവിഡ് വ്യാപനം ചെറുക്കാന്‍ ആര്‍ക്കും ഒരു പദ്ധതിയുമില്ല, ആമസോണിന് പോലും. അതുകൊണ്ട് വേറെ വഴിയില്ലാതെ ഞാന്‍ അവധിയെടുത്ത് വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്.'' ജന പറയുന്നു. വിവിധ രാജ്യങ്ങളിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് ജന കൊവിഡ് ബാധിതരുടെ കണക്ക് ശേഖരിച്ചത്. 

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന സ്വകാര്യ സ്ഥാപനമാണ് ആമസോണ്‍. കൊറോണ വൈറസ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രം 1,75,000 പേരെയാണ് ആമസോണ്‍ ജോലിയ്‌ക്കെടുത്തത്. 

കൊവിഡിനെ ചെറുക്കാന്‍ കമ്പനി എടുത്ത നടപടികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് യുഎസ് സെനറ്റര്‍മാര്‍ കമ്പനി സിഇഒ ജെസ് ബെസോസിന് കത്തയച്ചിരുന്നു. കമ്പനിയിലെ സ്ഥിതിഗതികള്‍ വഷളാണെന്ന് വെളിപ്പെടുത്തിയ നാല് തൊഴിലാളികളെ കമ്പനി പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കത്തിനോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ പോലും കമ്പനി തയ്യാറായിട്ടില്ല.

 

 

Editors Choice