• 25 May 2020
  • 07: 49 PM
Latest News arrow

ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് ബാങ്കുകള്‍; മൊറട്ടോറിയം അനുവദിക്കുന്നില്ല; വായ്പയെടുത്തവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം വ്യവസ്ഥകള്‍ പാലിക്കാതെ വായ്പയെടുത്തവരെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ചില പൊതുമേഖലാ ബാങ്കുകള്‍. എത്രയും വേഗം തിരിച്ചടവ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുകയാണ്. മൊറട്ടോറിയത്തെക്കുറിച്ച് പറഞ്ഞാല്‍ വായ്പ്പയെടുത്ത രീതി മാറുമെന്നും അമിത പലിശ അടയ്‌ക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കുന്നു.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് വ്യവസായ മേഖലകള്‍ ഉള്‍പ്പെടെ സാമ്പത്തിക മാന്ദ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേയ്ക്കാണ് മൊറട്ടോറിയം. ഭവന വായ്പ, ഗോള്‍ഡ് ലോണ്‍, വാഹന വായ്പ എന്നിവയ്‌ക്കെല്ലാം മൊറട്ടോറിയം ബാധകമാണ്. എന്നാല്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. മറിച്ച് ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന തരത്തിലേക്കും കാര്യങ്ങളെത്തിയിരിക്കുന്നു. 

കോടിക്കണക്കിന് രൂപയെടുത്ത് വ്യവസായം ആരംഭിച്ചവര്‍ക്കൊന്നും ഈ ദുരന്തമുഖത്ത് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ഒരാള്‍ക്കും നിലവില്‍ തിരിച്ചടയ്ക്കാനുള്ള മാര്‍ഗമില്ല. മഹാമാരിയ്ക്ക് ശമനം കാണുന്നില്ലെങ്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന് വരും. സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് ബാധ്യതയുണ്ട്.

ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അജ്ഞതയാണ് ബാങ്കുകള്‍ മുതലെടുക്കുന്നത്. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം തങ്ങള്‍ക്കും കിട്ടണമെന്ന് ആവശ്യപ്പെട്ട് ഏത് ബാങ്കില്‍ നിന്നാണോ ലോണെടുത്തിരിക്കുന്നത് ആ ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ക്ക് ഒരു അപേക്ഷ നല്‍കിയാല്‍ മതി. എന്നിട്ടും പരിഹാരം ലഭിച്ചില്ലെങ്കില്‍ ആ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പരാതിപ്പെടാം. അതിന് അവിടെ നേരിട്ട് പോകണമെന്നുമില്ല. അതത് ബാങ്കുകളുടെ ഹെഡ് ഓഫീസുകളുടെ ഇ മെയില്‍ വിലാസത്തില്‍ പരാതി അയക്കാവുന്നതാണ്. 

ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ പരാതിയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഹെഡ് ഓഫീസ് അധികൃതര്‍ അതത് ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് മൊറട്ടോറിയം നല്‍കാന്‍ നിര്‍ദേശം നല്‍കും. അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ റിസര്‍വ് ബാങ്ക് നേരിട്ടിടപെടും. അതിന് വേണ്ട ഇടപെടലുകള്‍ നടത്തേണ്ടത് ഹെഡ് ഓഫീസ് അധികൃതരോ സംസ്ഥാന സര്‍ക്കാരോ ആണ്. 

സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി)യെക്കൊണ്ട് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ നടത്താനാകും. മൊറട്ടോറിയം കിട്ടാത്ത ആള്‍ക്കാരുടെ വിവരം ശേഖരിച്ച് എസ്എല്‍ബിസി വഴി റിസര്‍വ് ബാങ്കിന് ഇടപെടാം. ഏത് ബാങ്ക്, ബ്രാഞ്ച്, എത്ര പേര്‍ക്കാണ് മൊറട്ടോറിയം കിട്ടാത്തത് ഇതൊക്കെ എസ്എല്‍ബിസി വഴി അറിയിക്കാന്‍ സാധിക്കും. ബാങ്ക് യൂണിയനുകള്‍ക്കും ഇത്തരം കാര്യങ്ങളില്‍ ഇടപെടല്‍ നടത്താവുന്നതേയുള്ളൂ. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെയാണ് ചില ബാങ്കുകള്‍ വായ്പയെടുത്തവരെ ഫോണിലൂടെ ബന്ധപ്പെട്ട് തിരിച്ചടവിന് പ്രേരിപ്പിക്കുന്നത്.  

നിലവിലെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് പോലും സൈര്യമായി പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയുമുണ്ട്. ലോണെടുത്തവരെ വിളിച്ചുകൂട്ടി ഒരു മീറ്റിങ് വിളിക്കുന്നതിനോ ലോണിന് അപേക്ഷിക്കുന്നവരുടെ വസ്തുവിന്റെ വാല്യുവേഷന്‍ നടത്തുന്നതിനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സാധാരണക്കാരെ പോലും വായ്പയുടെ പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തി തിരിച്ചടവിന് പ്രേരിപ്പിക്കുന്നത്.

Editors Choice