• 04 Oct 2023
  • 05: 51 PM
Latest News arrow

ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസറ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കുന്നു; അഭിമാനം

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ആദിവാസിപ്പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വയനാട് കുറിച്യ സമുദായ അംഗമായ ശ്രീധന്യ സുരേഷ് കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വ്വീസില്‍ 410-ാം റാങ്ക് നേടിയത്. വയനാട് പൊഴുതന ഇടിയംവയല്‍ കോളനിയിലെ സുരേഷ്, കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. കൂലിപ്പണിക്കാരായ ശ്രീധന്യയുടെ മാതാപിതാക്കള്‍ക്ക് മകളുടെ പഠനത്തിനായുള്ള പത്രം വാങ്ങാന്‍ പോലുമുള്ള സാമ്പത്തിക സ്ഥിതി പോലുമില്ലായിരുന്നു. ഇടിഞ്ഞ് വീഴാറായ കൂരയില്‍ത കഷ്ടതകളോട് മല്ലിട്ടായിരുന്നു ശ്രീധന്യയുടെ പഠനം. സുഹൃത്തുക്കളോട് കടം വാങ്ങിയ 40,000 രൂപയുമായാണ് ശ്രീധന്യ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് പോയത്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും സിവില്‍ സര്‍വ്വീസ് നേടാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീധന്യ സുരേഷ്.